Latest NewsIndia

രാജ്യം കണ്ട ഏറ്റവും വലിയ ലേലത്തിനൊരുങ്ങി ഇന്ത്യ; 5 ജി സ്‌പെക്‌ട്രം ലേലത്തില്‍ ലക്ഷ്യമിടുന്നത് 6 ലക്ഷം കോടിയോളം

5.8 ലക്ഷം കോടി രൂപ ലേലത്തിലൂടെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വരുമാന വര്‍ധനവല്ല സര്‍ക്കാരിന്റെ ലക്ഷ്യം.

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും വലിയ ലേലത്തിനുള്ള കളമൊരുങ്ങുന്നു. 5ജി സ്‌പെക്‌ട്രം ലേലത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ലേലം നടക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യം കണ്ട ഏറ്റവും വലിയ ലേലമായിരിക്കും ഇതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം ആറ് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ വരുമാനമായി ലക്ഷ്യമിടുന്നത്. 5.8 ലക്ഷം കോടി രൂപ ലേലത്തിലൂടെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വരുമാന വര്‍ധനവല്ല സര്‍ക്കാരിന്റെ ലക്ഷ്യം.

ഉന്നത നിലവാരമുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ടെലികോം സെക്രട്ടറിയും ഡിസിസി ചെയര്‍പേഴ്‌സണുമായ അരുണ സുന്ദരരാജന്‍ പറഞ്ഞു.വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ട ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍(ഡിസിസി) ലേലത്തിന് അനുമതി നല്‍കിയിട്ടുണ്ട്.ഗ്രാമങ്ങളില്‍ ഉള്‍പ്പടെ കുറഞ്ഞ ചെലവില്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഗ്രാമീണ മേഖലയില്‍ ഫൈബര്‍ ടു ദ ഹോം(എഫ്ടിടിഎച്ച്‌) സംവിധാനത്തിലൂടെ 5ജി ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സ്മാര്‍ട്ട് കാറുകളിലോ സ്മാര്‍ട്ട് സിറ്റികളിലോ മാത്രം പരിമിതപ്പെടുത്താതെ 5ജി ഗ്രാമീണ വിദ്യാഭ്യാസ, ആരോഗ്യമേഖലയില്‍ വരെ ഉപയോഗപ്പെടുത്തുന്ന തരത്തിലായിരിക്കും സേവനം ഉറപ്പാക്കുകയെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് 5ജി നടപ്പാക്കാനുള്ള ശ്രമം സര്‍ക്കാര്‍ മുമ്പ് തന്നെ തുടങ്ങിയിരുന്നു. പരീക്ഷണ ഘട്ടത്തില്‍ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ തുടങ്ങിയ ടെലികോം വമ്പന്മാരെയും നോക്കിയ, സാംസങ് തുടങ്ങിയ മൊബൈല്‍ നിര്‍മ്മാതാക്കളേയും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ലേലം വിജയകരമായാല്‍ രാജ്യം 5ജിയിലേക്ക് മാറാന്‍ താമസമുണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button