കൊച്ചി: കൊച്ചി സെന്‍ട്രല്‍ സി.ഐ നവാസിനെ കാണാതായ സംഭവത്തില്‍ മേലുദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ. മേലുദ്യോഗസ്ഥന്‍ നവാസിനെ മാനസികമായി പീഡിപ്പിച്ചിരുന്നു. വ്യക്തിപരമായി ആക്ഷേപിച്ചിരുന്നു. കള്ളക്കേസുകള്‍ എടുക്കാന്‍ നിര്‍ബന്ധിച്ചു. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമാണ് നവാസ് നാടുവിട്ടുപോകാന്‍ കാരണമെന്നും ഭാര്യ ആരോപിച്ചു. നവാസിനെ കാണാതായായ വിവരം കാണിച്ച് പരാതി കമ്മീഷണര്‍ക്ക് നല്‍കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.
നവാസ് യാത്രപോയതാണെന്ന് പറയുണ്ടെങ്കിലും അക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇന്നലെ പരാതി നല്‍കി ഇത്രയും സമയമായിട്ടും അധികാരികളില്‍ ആരില്‍ നിന്നും തൃപ്തികരമായ മറുപടിയില്ല. താന്‍ വിളിച്ചാല്‍ മേലുദ്യോഗസ്ഥര്‍ ആരും ഫോണ്‍ എടുക്കുന്നുപോലുമില്ല. സഹപ്രവര്‍ത്തകരായ ചില ഓഫീസര്‍മാര്‍ മാത്രമാണ് ആശ്വസിപ്പിക്കാനെത്തിയത്. പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അതെ സമയം വയര്‍ലെസിലൂടെ എസ്പിയുമായി വാഗ്വാദം നടന്നതായി തനിക്കറിയാമെന്നും സിഐയുടെ ഭാര്യ പറഞ്ഞു.
മേലുദ്യോഗസ്ഥനില്‍ നിന്നും നിരന്തരം മാനസിക പീഡനം ഏറ്റിരുന്നുവെന്ന് നവാസ് തന്നോട് പറഞ്ഞിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി കേസ് എടുക്കണം. സംഭവ ദിവസം പുലര്‍ച്ചെ നാലു മണിയോടെയാണ് നവാസ് വീട്ടിലെത്തിയത്. കുറച്ചുസമയം കിടന്നു. പിന്നീട് എഴുന്നേറ്റുപോയി ടി.വിയില്‍ വാര്‍ത്ത കണ്ടു. 20 മിനിറ്റിനുള്ളില്‍ വീട്ടില്‍ നിന്ന് കാണാതായെന്നും ഭാര്യ പറഞ്ഞു.
നവാസ് കേരളം വിട്ട് പോയിട്ടില്ലെന്നും നാല് ജില്ലകളിലായി അന്വേഷണസംഘം തെരച്ചില്‍ നടത്തുന്നുണ്ടെന്നും പോലീസ് നേരത്തെ അറിയിച്ചിരുന്നു. നവാസിന്റെ തിരോധാനത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എറണാകുളം ഡിസിപി അറിയിച്ചു. നവാസിന്റെ ഭാര്യയുടെ പരാതിയിലും വിശദമായ അന്വേഷണം നടക്കും. എ.സി.പിക്കെതിരായ പരാതിയും അന്വേഷിക്കും. വയര്‍ലെസും ഫോണ്‍കോളുകളും പരിശോധിക്കും. സി.ഐ നിലവില്‍ കൊല്ലത്തുണ്ടെന്നാണ് ലഭിച്ചവിവരം.
അതനുസരിച്ച് തൃക്കാക്കര എ.സിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രാവിലെതന്നെ കൊല്ലത്ത് എത്തിയിട്ടുണ്ട്. പ്രത്യക സംഘം നാലു ജില്ലകളില്‍ അന്വേഷണം നടത്തുന്നുണ്ട്. കേരളം വിട്ടുപോയിട്ടില്ലെന്നാണ് വിവരമെന്നും ഡിസിപി അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ മുതലാണ് സിഐയെ കാണാതായിരിക്കുന്നത്. മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതലകള്‍ ഇന്നലെ ഔദ്യോഗികമായി ഒഴിഞ്ഞതായും വിവരമുണ്ടായിരുന്നു.
Post Your Comments