അത്ര പെട്ടെന്നൊന്നും ഉണങ്ങാത്ത മുറിവാണ് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി രാജ്യത്തിന്റെ പാരമ്പര്യപാര്‍ട്ടിയായ കോണ്‍ഗ്രസിന് നല്‍കിയത്. ഇന്ത്യക്ക് നിരന്തരം പ്രധാനമന്ത്രിമാരെ സമ്മാനിച്ചുകൊണ്ടിരുന്ന ഒരു പാര്‍ട്ടി ഇപ്പോള്‍ പ്രതിപക്ഷനേതൃസ്ഥാനം പോലും അവകാശപ്പെടാനാകാത്ത വിധം പടുകുഴിയിലേക്ക് പോയിരിക്കുന്നു. രാവും പകലും ആഞ്ഞ് ശ്രമിച്ചിട്ടും സ്വന്തം പാര്‍ട്ടിയെ രക്ഷിക്കാനാകാത്തതിന്റെ നിരാശയില്‍ അധ്യക്ഷസ്ഥാനം വിടുന്നെന്ന് രാഹുല്‍ പ്രഖ്യാപിച്ചിട്ട് മൂന്നാഴ്ച്ച കഴിഞ്ഞു. എടുത്ത തീരുമാനം നടപ്പിലാക്കാനോ തിരികെ അധ്യക്ഷസ്ഥാനത്തെത്തി ചങ്കൂറ്റത്തോടെ കാര്യങ്ങള്‍ നിയന്ത്രിക്കാനോ ഉള്ള മാനസികാവസ്ഥയിലേക്ക് രാഹുല്‍ ഗാന്ധി ഇതുവരെ എത്തിയിട്ടില്ലെന്ന് വേണം അനുമാനിക്കാന്‍. വാസ്തവത്തില്‍ കോണ്‍ഗ്രസിനെ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണിപ്പോള്‍. അതേ ശക്തമായ നേതൃത്വമില്ലായ്മ തന്നെയാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്‌നം.
പോയതുമില്ല വന്നതുമില്ല രാഹുല്‍
അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് രാഹുല്‍ സ്വയം വ്യക്തമാക്കിയിട്ടില്ല. പക്ഷേ മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ തന്നെ കോണ്‍ഗ്രസിനെ നയിക്കുമെന്ന് ഉറപ്പിച്ച് പറയുന്നുണ്ട്. അടുത്തിടെ വീരപ്പമൊയ്‌ലി മാത്രമാണ് ഇക്കാര്യത്തില്‍ നിശിതമായ വിമര്‍ശനമുന്നയിച്ചത്. അധ്യക്ഷസ്ഥാനം വേണ്ടെന്ന് വയ്ക്കണമെങ്കില്‍ ആകാം പക്ഷേ മറ്റൊരാളെ ആ സ്ഥാനം ഏല്‍പ്പിച്ചിട്ട് വേണം അതാകാനെന്ന് മൊയ്‌ലി രാഹുലിനെ ഓര്‍മ്മിപ്പിച്ചു. ഒപ്പം അത്തരത്തിലൊരു തീരുമാനം എടുക്കേണ്ട സമയം ഇതല്ലെന്നും ഇപ്പോള്‍ തിരികെ അധ്യക്ഷസ്ഥാനത്തെത്തി പാര്‍ട്ടിയില്‍ അച്ചടക്കം പുനസ്ഥാപിക്കാനാണ് ശ്രമിക്കേണ്ടതെന്നും വീരപ്പമൊയ്‌ലി രാഹുലിനെ ഓര്‍മ്മിപ്പിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. മൊയ്‌ലിയെപ്പോലെ ത്‌ന്നെ ഇക്കാര്യത്തില്‍ വിയോജിപ്പും വിമര്‍ശനവുമുള്ളവര്‍ കോണ്‍ഗ്രസില്‍ വേറെയുണ്ടാകും. പക്ഷേ കോണ്‍ഗ്രിസന് പാരമ്പര്യമായി നെഹ്‌റു കുടുംബത്തോടുള്ള വിധേയത്വം കൊണ്ട് അത് തുറന്നു പറയാനുള്ള ചങ്കൂറ്റം ആര്‍ക്കുമില്ലെന്ന് വേണം കരുതാന്‍.
ഇത് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള അവസരം
പാര്‍ട്ടി പ്രാദേശിക നേതാക്കളെ നിലയ്ക്ക നിര്‍ത്താന്‍ തക്ക വ്യക്തിപ്രഭാവവും ശക്തമായ തീരുമാനങ്ങെളെടുക്കാന്‍ ആര്‍ജ്ജവമുള്ള ഉന്നതതല സമിതിയോ കോണ്‍ഗ്രസിന് ഇല്ലാത്തതാണ് പഞ്ചാബിലും ഹരിയാനയിലും മധ്യപ്രദേശിലും തെലങ്കാനയിലും പ്രകടമായ്‌ക്കൊണ്ടിരിക്കുന്ന വിഭാഗീയത തെളിയിക്കുന്നത്. പ്രാദേശിക നേതാക്കളുടെ ആ പടപുറപ്പാടില്‍ അവരോട് വിശദീകരണം ചോദിക്കാനോ അല്ലെങ്കില്‍ പാര്‍ട്ടിയിലുടെലെടുക്കുന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കാനോ ദേശീയ അധ്യക്ഷന്‍ തയ്യാറാകാത്തത് ആ പാര്‍ട്ടിയുടെ സര്‍വ്വനാശത്തിലേക്കുള്ള വഴിയായിരിക്കും തെളിയിക്കുന്നത്. അതേസമയം അപ്രതീക്ഷിതമായി ഏറ്റുവാങ്ങേണ്ടി വന്ന കനത്ത തോല്‍വിയില്‍ നിന്ന് പാഠം പഠിച്ച് ഹോംവര്‍ക്ക് നടത്തി പോരായമകള്‍ പരിഹരിച്ച് കോണ്‍ഗ്രസിനെ തകര്‍ച്ചയുടെ ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസിനിത്. അതിനായി ബിജെപിയില്‍ നിന്ന് പാഠങ്ങള്‍ അവര്‍ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു.
ശാപം പാര്‍ട്ടിയോട് കൂറില്ലാത്ത നേതാക്കള്‍ തന്നെ
പാര്‍ട്ടിയുടെ ക്ഷേമത്തിനപ്പുറം സ്വന്തം മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടിയുടെ ശാപമെന്ന് രാഹുലിന് നന്നായി അറിയാം. ഇവരെ പരോക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഇവര്‍ക്കെതിരെ നടപടി എടുക്കാനുള്ള ആര്‍ജ്ജവം കൂടി കാണിക്കണമായിരുന്നു. സ്വന്തം മകന്റെ പരാജയത്തിന് ഉപമുഖ്യമന്ത്രിയെ കുറ്റം പറയുന്ന മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ മാത്രമേ കാണുകയുള്ളു. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ഭാവി തുലാസില്‍ തൂങ്ങുമ്പോള്‍ പഞ്ചാബിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. നവജോത് സിംഗ് സിദ്ദുവിനെതിരെ നടപടിയെടുക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പുകയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സിംഗ് സിദ്ദു യുദ്ധത്തില്‍ പാര്‍ട്ടിയുടെ ജനകീയ മുഖം മങ്ങുന്നതും അത് നാമാവശേഷമാകാന്‍ പോകുന്നതുമൊന്നും നേതാക്കള്‍ കാര്യമാക്കുന്നില്ല. ഒറ്റ സീറ്റ് പോലും കോണ്‍ഗ്രസിന് ഹരിയാനയില്‍ നിന്ന് ലഭിച്ചിട്ടില്ല. പരസ്പരം ആക്രമിച്ച് കാലം കളയുകയാണ് ഇവിടെയും കോണ്‍ഗ്രസ് നേതാക്കള്‍.
ശക്തനായേ തീരൂ രാഹുല്‍
മധ്യപ്രദേശില്‍ കമല്‍നാഥിന്റെ സര്‍ക്കാര്‍ തകരുകയാണ്. ഒറ്റക്കെട്ടായി നിന്ന് അധികാരം ഏത് വിധേനയും നിലനിര്‍ത്തുന്നതിന് പകരം കമല്‍നാഥിനെ കസേരിയില്‍ നിന്ന് വലിച്ചിടാനുള്ള ശ്രമാണ് ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്. നിലവില്‍ കമല്‍ നാഥിനൊപ്പം നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗിന്റെ ലക്ഷ്യം മുഖ്യമന്ത്രി കസേരയില്‍ ജ്യാതിരാദിത്യ സിന്ധ്യ എത്താതിരിക്കുക എന്നത് മാത്രമാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടേത് എപ്പോള്‍ ആരുടെ കൂടെന്ന് ഒരുറപ്പുമില്ലാത്ത നിലപാടാണ്. ചുരുക്കത്തില്‍ പത്തു രാഹുല്‍ ഗാന്ധിമാര്‍ വിചാരിച്ചാല്‍ തീര്‍ക്കാനാകാത്ത പ്രശ്‌നങ്ങളിലാണ് കോണ്‍ഗ്രസിപ്പോള്‍. പൊതുവേ സാധുവും ശക്തനുമല്ലാത്ത രാഹുല്‍ ഈ താപ്പാനകളെ നിലയ്ക്ക് നിര്‍ത്താനാകും വിധം ശക്തനാകുക എന്നതിനപ്പുറം ഒരു സമവാക്യവും കോണ്‍ഗ്രസിന്റെ രക്ഷയ്ക്കില്ല. നെഹ്‌റുകുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ അധ്യക്ഷസ്ഥാനത്തെത്തുമെന്നും അയാള്‍ അതിശയം തീര്‍ക്കുമെന്നുമുള്ളത് വെറും ആഗ്രഹം മാത്രമാണ്. സോണിയയും രാഹുലും പ്രിയങ്കയും ചേര്‍ന്ന് നിന്ന് കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ അവസാനശ്രമം കൂടി നടത്തുക. അതുകൂടി പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസില്‍ നിന്നൊരു പ്രധാനമന്ത്രി ഇന്ത്യഭരിക്കാന്‍ എത്തുമെന്ന പ്രവര്‍ത്തകരുടെ മോഹം വെറും വ്യാമോഹം മാത്രമാകുമെന്നുറപ്പ്.
Post Your Comments