ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് വീണ്ടും ലയന നീക്കവുമായി സിപിഐ. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയെ സമീപിച്ച് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി കത്തു നൽകിയതായി റിപ്പോർട്ട്. കത്ത് പാർട്ടി കമ്മിറ്റിയിൽ സിപിഎം വിതരണം ചെയ്തെങ്കിലും ഇതുവരെ തീരുമാനമൊന്നും എടുത്തില്ലെന്നാണ് സിപിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
മാറിയ സാഹചര്യത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തകർച്ചയെ നേരിടുമ്പോൾ ലയനം അത്യാവശ്യമാണെന്നാണ് സിപിഐയുടെ നിഗമനം.നേരത്തെയും ലയന നീക്കവുമായി സിപിഐ രംഗത്തെത്തിയിരുന്നു. എന്നാൽ സിപിഎമ്മിൽ നിന്ന് അനുകൂല സമീപനമല്ല ഉണ്ടായത്. ചില നേതാക്കൾ അനുഭാവം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി ലയന നീക്കത്തിന് എതിരായാണ് തീരുമാനം എടുത്തത്.പശ്ചിമ ബംഗാളിൽ 34 വർഷം ഭരിച്ച പാർട്ടിക്ക് ഇപ്പോൾ കിട്ടിയത് 7.8 ശതമാനമാണെന്നും ഈ നിലയിൽ നിന്ന് മെച്ചപ്പെടാമെന്ന പ്രതീക്ഷ ഫലവത്തായില്ലെന്നും സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ചൂണ്ടിക്കാട്ടിയിരുന്നു.
തെരഞ്ഞെടുപ്പിനു മുൻപ് ലയിച്ചിരുന്നെങ്കിൽ പതിനഞ്ച് സീറ്റിലെങ്കിലും ജയിച്ചേനെയെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. 55 വർഷങ്ങൾക്ക് മുൻപ് പിളർപ്പുണ്ടായ സാഹചര്യം ഇപ്പോൾ നിലവിലില്ലെന്നും ലയനം അനിവാര്യമാണെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Post Your Comments