KeralaLatest News

ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാല ലഭിച്ചത് ചാണകത്തില്‍ നിന്ന് : പശുവിനെ കണ്ടെത്താനായില്ല : മാല കാണാതായത് രണ്ട് വര്‍ഷം മുമ്പ്

കൊല്ലം : ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാല ലഭിച്ചത് ചാണകത്തില്‍ നിന്ന് . കൃഷിയാവശ്യത്തിനായി വാങ്ങിയ ചാണകത്തിലാണ് അഞ്ച് പവന്റെ സ്വര്‍ണമാല കണ്ടെത്തിയത്. അധ്യാപക ദമ്പതികളായ വയ്യാനം ഫജാന്‍ മന്‍സിലില്‍ ഷൂജ ഉള്‍ മുക്കിനും ഷാഹിനയ്ക്കുമാണു കൃഷി ആവശ്യത്തിനു വാങ്ങിയ ചാണകത്തില്‍ നിന്നു മാല ലഭിച്ചത്. വീടുകളില്‍ നിന്നു ചാണകം ശേഖരിച്ചു വില്‍പന നടത്തുന്ന കരവാളൂര്‍ സ്വദേശി ശ്രീധരനാണ് 6 മാസം മുന്‍പ് ഇവര്‍ക്കു ചാണകം നല്‍കിയത്. കൃഷിക്ക് എടുക്കുന്നതിനിടെ കഴിഞ്ഞ 5നു ചാണകത്തിനിടയില്‍ നിന്നു താലിയും മാലയും ലഭിച്ചു. താലിയില്‍ ഇല്യാസ് എന്ന് എഴുതിയിരുന്നു. മാലയുടെ ഉടമയെത്തേടി ദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നല്‍കി.

കഴിഞ്ഞ ദിവസം തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്യാസ് ഫോണില്‍ ഷൂജയുമായി ബന്ധപ്പെട്ടു. 2 വര്‍ഷം മുന്‍പു കാണാതായ മാലയാണിതെന്നും പശു വിഴുങ്ങിയതായി അന്നു തന്നെ സംശയം ഉണ്ടായിരുന്നെന്നും ഇല്യാസ് പറഞ്ഞു. ഇതിനിടെ, പശുവിനെ ഇല്യാസ് വിറ്റു. പല കൈ മറിഞ്ഞ പശു ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല. കറുത്ത പശുവാണെന്നതു മാത്രമാണ് ഏക തുമ്പ്. ഇല്യാസാണു മാലയുടെ ഉടമയെന്നു ബോധ്യപ്പെട്ടതോടെ മാല തിരിച്ച് ഏല്‍പിക്കാനുള്ള തയാറെടുപ്പിലാണ് അധ്യാപക ദമ്പതികള്‍. അടുത്ത ദിവസം പൊലീസിന്റെ സാന്നിധ്യത്തില്‍ മാല നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button