കൊല്‍ക്കത്ത: കളിയാക്കുവാന്‍ വേണ്ടി സുഹൃത്ത് തയ്യാറാക്കിയ മെമി ബംഗാള്‍ സ്വദേശിയായ രാജ്ദീപ് നസ്‌കര്‍ എന്ന യുവാവിനിപ്പോള്‍ പാരയായിരിക്കുകയാണ്. സുഹൃത്തിനെ കളിയാക്കുന്നതിനായി തമാശയ്ക്കുണ്ടാക്കിയ മെമി കൈവിട്ടു പോയതോടെ ഇത് വ്യാജവാര്‍ത്തയായി സമൂഹമാധ്യമങ്ങളിലാകെ വൈറലായി. ഒടുവില്‍ രാജ്ദീപും സുഹൃത്തുക്കളും വിശദീകരണം നല്‍കി വലഞ്ഞു.
ബംഗാളില്‍ പുറത്തിറങ്ങിയ ആജ്കല്‍ എന്ന ദിനപ്പത്രത്തിന്റെ ഒന്നാം പേജില്‍ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ജൂണ്‍ മൂന്നിന് മമത ബാനര്‍ജിയുമായി ബന്ധപ്പെട്ടായിരുന്നു പത്രത്തിലെ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത. എന്നാല്‍ നസ്‌കറിന്റെ സുഹൃത്തുക്കളിലൊരാള്‍ ഇവിടെ നസ്‌കറിന്റെ ചിത്രം വച്ച് തന്റെ ഭാവനയില്‍ നിന്ന് ഒരു വാര്‍ത്തയുണ്ടാക്കി. മുന്‍ കാമുകിയുടെ വീട്ടില്‍ രാത്രി അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യുവാവിനെ യുവതിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നെന്നായിരുന്നു ആ വാര്‍ത്ത. പത്രത്തിന്റെ ഒറിജിനല്‍ ഒന്നാം പേജിനെ വെല്ലുന്ന രീതിയില്‍ മെമി ഉണ്ടാക്കി സുഹൃത്തുക്കള്‍ക്കിടയില്‍ പെട്ടെന്നു തന്നെ പ്രചരിപ്പിച്ചു. പക്ഷെ, വരാനിരിക്കുന്ന ഭവിഷ്യത്തിനെക്കുറിച്ചവര്‍ ചിന്തിച്ചില്ല. വാട്‌സ്ആപ്പിന്റെയും ഫെയ്‌സ്ബുക്കിന്റെയും അതിരുകള്‍ വിട്ട് വാര്‍ത്ത പരന്നതുതന്നെ രാജ്ദീപും സുഹൃത്തുക്കളും വളരെ വൈകിയാണ് അറിഞ്ഞത്. അപ്പോഴേക്കും നൂറ് കണക്കിനാളുകള്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നു.
നസ്‌കര്‍ മെമി രൂപകല്‍പ്പന ചെയ്യുന്ന കാര്യത്തില്‍ ഒരു പുലിയാണ്. സ്വന്തമായി ഇതിന് വേണ്ടി മാത്രം അഞ്ച് ഫെയ്‌സ്ബുക് പേജുകള്‍ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം പേരാണ് ഈ പേജുകള്‍ നിരന്തരം പിന്തുടരുന്നത്. ആജ്കല്‍ എന്ന ദിനപ്പത്രത്തിന്റെ ഒന്നാം പേജാണ് മെമി ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. തന്നെ കളിയാക്കുക മാത്രമായിരുന്നു സുഹൃത്തിന്റെ ഉദ്ദേശമെന്നും എന്നാല്‍ അതെങ്ങിനെയാണ് ഇത്ര വ്യാപകമായി പ്രചരിച്ചതെന്ന് ഒരൂഹവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments