തിരുവനന്തപുരം: കാലവര്‍ഷം പുരോഗമിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തന്നെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പകര്‍ച്ച വ്യാധികള്‍ മൂലമുള്ള മരണ നിരക്ക് കുറയ്ക്കാനായി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എവിടെയെങ്കിലും പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ഇടപെടുകയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലകളിലേയും മെഡിക്കല്‍ ഓഫീസര്‍മാരോട് സെക്രട്ടറിയേറ്റില്‍ വച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി.
ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍ 1, ചെള്ളു പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുടെ വ്യാപനവും ഇനി സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. കേരള സര്‍ക്കാരും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ഗവേഷണ പഠനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തയ്യാറാക്കിയ ഗ്രാവിഡ് അഡള്‍ട്ട് മോസ്‌കിറ്റോ ട്രാപ്പ് വേദിയില്‍ അവതരിപ്പിച്ചു. പൂച്ചെട്ടി, കിച്ചണ്‍ ബിന്‍, വല, പശ ചേര്‍ത്ത ഷീറ്റ് എന്നിവയാണ് ഇതുണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കള്‍. വൈക്കോലില്‍ നിന്നുണ്ടാക്കുന്ന ഹേ സൊല്യൂഷന്‍ ഉപയോഗിച്ചാണ് കൊതുകിനെ ആകര്‍ഷിക്കുന്നത്. 200 കൊതുകിനെവരെ പിടിക്കാന്‍ കഴിയുന്നതാണിത്. കൊതുകുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ ഇതുപയോഗിക്കാവുന്നതാണ്. ഉപയോഗിച്ച സ്ഥലങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. എലിപ്പനി ചെറുക്കാന്‍ പ്രളയകാലത്ത് സ്വീകരിച്ച അതേ ജാഗ്രത സ്വീകരിക്കേണ്ടതാണെന്ന് വ്യക്തമാക്കി. എച്ച്1 എന്‍ 1 രോഗത്തിനും ശക്തമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
Post Your Comments