Latest NewsIndia

പ്രാര്‍ത്ഥനകള്‍ ഫലം കണ്ടില്ല; കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരന്‍ മരിച്ചു

സാംഗ്രൂര്‍: 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ നിന്ന് രക്ഷിച്ച രണ്ട് വയസ്സുകാന്‍ മരിച്ചു. പിജിഎ ഛണ്ഡിഗഢ് ആശുപത്രിയില്‍വച്ചായിരുന്നു മരണം. പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വന്‍പുര ഗ്രാമത്തിലാണ് രണ്ട് വയസ്സുകാരന്‍ ഫത്തേവീര്‍ സിംഗ് വ്യാഴാഴ്ച 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണത്. ഒടുവില്‍ 109 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ബാലനെ പുറത്തെടുത്തത്.

വ്യാഴാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറില്‍ കുട്ടി വീഴുന്നത്. തുണികൊണ്ട് മൂടിയ കുഴല്‍ക്കിണറില്‍ കുട്ടി വീഴുകയായിരുന്നു. അമ്മ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാതാപിതാക്കളുടെ ഏകമകനാണ് കുഴല്‍ക്കിണറില്‍ വീണ ഫത്തേവീര്‍. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് കുട്ടിയെ രക്ഷിച്ചത്. പുറത്തെടുത്ത കുട്ടിയെ സര്‍ക്കാര്‍ ഹെലികോപ്ടര്‍ തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് റോഡ് മാര്‍ഗം കൊണ്ടുപോയത് വിവാദമായിരുന്നു. കുട്ടിയെ പുറത്തെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. നിരവധി പേര്‍ റോഡ് ഉപരോധിച്ചു.

തിങ്കളാഴ്ചയായിരുന്നു കുട്ടിയുടെ രണ്ടാം പിറന്നാള്‍. കുഴല്‍ക്കിണറില്‍ വീണ കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചിരുന്നില്ല. ഓക്സിജന്‍ മാത്രമാണ് നല്‍കിയിരുന്നത്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തിരുന്നു. തുറന്ന് കിടക്കുന്ന കുഴല്‍ക്കിണറുകള്‍ കണ്ടെത്താനും നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button