തൃശൂര്‍: മുതിർന്ന കുട്ടികൾ മർദ്ദിച്ചതിനെത്തുടർന്ന് അനാഥാലയത്തില്‍ നിന്ന് ഭയന്നോടിയ 6 ആദിവാസി കുട്ടികളെ പുതിയ സ്കൂളിലേക്ക് ചേർക്കാൻ തീരുമാനമായി. കുട്ടികളെ വാഴച്ചാലിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ ഇനി ഇവിടുത്തെ സര്‍ക്കാര്‍ എല്‍പി സ്ക്കൂളില്‍ പഠിക്കും. രക്ഷിതാക്കളുമായി സംസാരിച്ച ശേഷം ജില്ലാ ശിശുക്ഷേമ സമിതിയാണ് കുട്ടികളുടെ കാര്യത്തിൽ പുതിയ തീരുമാനമെടുത്തത്.
തൃശൂർ മരിയ പാലന സൊസൈറ്റിയില്‍ നിന്നും ഇന്നലെ പുലർച്ചെയാണ് കുട്ടികൾ രക്ഷപ്പെട്ടത്. പ്രദേശവാസിയും ഹെൽത്ത് ഇൻസ്പെക്ടറുമായ മഞ്ജേഷാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.കുട്ടികള്‍ രാത്രി പുറത്തു പോയസംഭവത്തില്‍ മരിയ പാലന സൊസൈറ്റിയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.
ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളെ ചേര്‍ക്കുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് രേഖാമൂലം വ്യക്തമാക്കാനും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. സംഭവത്തില്‍ കൊരട്ടി പോലീസ് ഓർഫനേജിനെതിരെ കേസെടുത്തിട്ടുണ്ട്.കുട്ടികൾക്ക് വേണ്ടത്ര സുരക്ഷ നൽകിയില്ലെന്നാണ് കേസെടുക്കാനുള്ള കാരണം.
Post Your Comments