കൊച്ചി: മുസ്ലിം ഉദ്യോഗസ്ഥന്റെ രണ്ടാം വിവാഹത്തിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷ കേരള പിഡബ്ല്യുഡി തള്ളി. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം 1960 ലെ വകുപ്പുകള്‍ പ്രകാരം ബഹുഭാര്യാത്വം അംഗീകരിക്കാനാവില്ലെന്ന് പിഡബ്ല്യുഡി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എറണാകുളം സ്വദേശിയായ പിഡബ്ല്യുഡി എഞ്ചിനീയറുടെ അപേക്ഷയാണ് തള്ളിയത്. ചട്ടത്തിലെ 93(I) വകുപ്പ് ഈ കാര്യത്തെ കുറിച്ച് വ്യക്തമാക്കുന്നതായി ഉദ്യോഗസ്ഥനുള്ള മറുപടി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. വ്യക്തിനിയമം അംഗീകരിക്കുന്നുണ്ടെങ്കില്‍ കൂടിയും, ജീവിച്ചിരിക്കുന്ന ഭാര്യയുള്ള ഒരു സര്‍ക്കാര്‍ ജീവനക്കാരനും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ രണ്ടാം വിവാഹം കഴിക്കരുതെന്നാണ് ഈ വകുപ്പ് വ്യക്തമാക്കുന്നത്.
മുസ്ലിം വ്യക്തിനിയമം ബഹുഭാര്യാത്വം അംഗീകരിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ ജീവനക്കാര്‍ വീണ്ടും വിവാഹം കഴിക്കരുതെന്നാണ് ചട്ടമെന്നാണ് പിഡബ്ല്യുഡി പറയുന്നത്. “ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അച്ചടക്കം, വിശ്വാസ്യത, നൈതികത എന്നിവ പുലര്‍ത്തണമെന്നും ഉത്തരവിലുണ്ട്.
Post Your Comments