
ചണ്ഡീഗഡ് : പഞ്ചാബ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായി. പഞ്ചാബില്‍ മന്ത്രിപദത്തിനു പിന്നാലെ ഉപദേശക സമിതിയില്‍ നിന്നും നവ്‌ജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഒഴിവാക്കിയതോടെ പഞ്ചാബ് കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കിലെത്തി.. അമരീന്ദര്‍ സിങിന്റെ നടപടിക്കു പിന്നാലെ നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ വിവരിച്ചു കൊണ്ടുള്ള കത്ത് രാഹുലിന് കൈമാറി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായും സിദ്ദു കൂടിക്കാഴ്ച നടത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തന്നെ മാത്രം കുറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിച്ചതിനു പിന്നാലെ സിദ്ദുവിന്റെ വകുപ്പ് മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധം അറിയിച്ചു കൊണ്ടാണ് സിദ്ദുവിന്റെ കത്ത്.
അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ തദ്ദേശവികസന വകുപ്പു മന്ത്രിയായിരുന്നു സിദ്ദു. സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നു എന്ന് ആരോപിച്ച് സിദ്ദുവിനെതിരെ മുഖ്യമന്ത്രി നീങ്ങിയതോടെയാണ് പഞ്ചാബില്‍ പ്രതിസന്ധി ഉടലെടുത്തത്. പഞ്ചാബിലെ നഗരമേഖലയില്‍ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കാര്യക്ഷമമായി കൈകാര്യം ചെയ്യാത്തതാണെന്ന് അമരീന്ദര്‍ സിങ് നേരത്തേ ആരോപിച്ചിരുന്നു.
Post Your Comments