പാലക്കാട്: പാലക്കാട് തണ്ണിശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എട്ടുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ രാത്രി വൈകിയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീറിന്‍ മൃതദേഹം രാത്രി തന്നെ ബന്ധുക്കൾ ഏറ്റുവാങ്ങി.
നെല്ലിയാമ്പതിയിൽ അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയാണ് അപകടം സംഭവിച്ചത്.പാലക്കാട് തണ്ണിശ്ശേരിക്ക് അടുത്താണ് അപകടമുണ്ടായത്. പട്ടാമ്പിയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയ അഞ്ച് പട്ടാമ്പി സ്വാദേശികൾക്ക് ചെറിയ അപകടം സംഭവിച്ചിരുന്നു.ഇവരെ നെന്മാറയിലെ ചെറിയ ആശുപത്രിയിലെത്തിച്ചു.പിന്നീട് പാലക്കാട്ടേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുക്കളും ആംബുലൻസിൽ കയറിയിരുന്നു. ഈ ആംബുലൻസ് മീന്‍ കൊണ്ടുപോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
നെന്മാറ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍ (39), പട്ടാമ്ബി സ്വദേശികളായ നാസര്‍ (45), സുബൈര്‍ (39), ഫവാസ് (17), ഷാഫി (13), ഉമര്‍ ഫാറൂഖ് (20), അയിലൂര്‍ സ്വദേശികളായ നിഖില്‍, വൈശാഖ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
Post Your Comments