ഹരിയാന : ജമ്മുകശ്മീരിലെ കത്വയിൽ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷ വിധിച്ചു. മുഖ്യപ്രതി സാഞ്ചി റാം, സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ,സാഞ്ചി റാമിന്‍റെ സുഹൃത്ത് പർവേഷ് കുമാർ എന്നിവർക്ക് ജീവപര്യന്തം തടവ്. മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത, സബ് ഇൻസ്പെക്ടർ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവർക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി പഞ്ചാബ് പത്താന്‍കോട്ട് ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഒരാളെ വെറുതെ വിട്ടു. സാഞ്ചിറാമിന്‍റെ മരുമകൻ വിശാലിനെയാണ് വെറുതെ വിട്ടത്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ പ്രതികൾ ഇയാളെ മീററ്റിൽ നിന്ന് വിളിച്ചുവരുത്തിയെന്ന് പോലീസ് കണ്ടെത്തിയെങ്കിലും ഇത് സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
രാജ്യത്തെ നടുക്കിയ ബലാത്സംഗക്കേസില്‍ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതിയും ക്ഷേത്രപൂജാരിയുമായ സാഞ്ചി റാം, കുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് കണ്ടെത്തിയ ആനന്ദ് ദത്ത, പർവേഷ് കുമാർ അഥവാ മന്നു, എന്നീ പ്രതികളും മൂന്ന് പൊലീസുദ്യോഗസ്ഥരും സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ എന്നിവർ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. സബ് ഇൻസ്പെക്ടർ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നീ പൊലീസുദ്യോഗസ്ഥർക്കെതിരെ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നാണ് കേസ്. സാഞ്ചി റാമിന്‍റെ പതിനഞ്ചുകാരനായ മറ്റൊരു മരുമകനും കേസിൽ പ്രതിയാണ്. എന്നാൽ പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലായതിനാൽ വിധിപ്രസ്താവം പിന്നീട് മാത്രമേ ഉണ്ടാകു.
രണ്ടായിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രമുള്ള കേസില്‍ 114 സാക്ഷികളെയാണ് വിസ്തരിച്ചത്. കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമായിരുന്നു കേസിന്റെ വിചാരണ കശ്മീരില്‍ നിന്നും പത്താന്‍കോട്ടിലേക്കു മാറ്റിയത്. 2018 ജനുവരി 17 നാണ് എട്ടു വയസ്സുകാരിയെ ക്രൂര പീഡനത്തിനു ഇരയാക്കിയ ശേഷം കൊല്ലപ്പെടുത്തിയത്.
Post Your Comments