ചെന്നൈ : പ്രശസ്ത തമിഴ് ചലച്ചിത്ര നടനും, നാടകകലാകാരനും തിരക്കഥാകൃത്തുമായ ക്രേസി മോഹൻ (മോഹൻ രംഗചാരി-67 ) ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മെക്കാനിക്കല്‍ എഞ്ചിനിയറിങ് ബിരുദധാരിയായ മോഹന്‍ കോളജ് പഠനകാലത്ത് തന്നെ കലാരംഗത്ത് മികവ് പുലര്‍ത്തിയിരുന്നു. ക്രേസി തീവ്‌സ് എന്ന നാടകം എഴുതിയതോടെ ക്രേസി മോഹന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കോളേജ്തല മത്സരങ്ങളില്‍ മികച്ച നടനും കഥാകൃത്തിനുമുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ആക്ഷേപഹാസ്യ നാടകങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹത്തിന്റെ നാടക സംഘമായിരുന്നു ക്രേസി ക്രിയേഷൻസ്. മുപ്പതോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്.
കെ. ബാലചന്ദർ സംവിധാനം ചെയ്ത പൊയ്ക്കാൽ കുതിരൈ എന്ന ചിത്രത്തിൽ സംഭാഷണങ്ങൾ എഴുതിയാണ് സിനിമയിലെത്തുന്നത്. ശേഷം കമൽഹാസനൊപ്പം നിരവധി ചിത്രങ്ങൾക്ക് വേണ്ടി സംഭാഷണം രചിച്ചു. നിരവധി ഹാസ്യചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. സതി ലീലാവതി, പഞ്ചതന്തിരം, തെനാലി, മൈക്കിള്‍, മദന കാമരാജന്‍, വസൂല്‍ രാജ എം.ബി.ബി.എസ്, അപൂര്‍വ സഹോദരങ്ങള്‍ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. അവൈ ഷണ്‍മുഖി, തെനാലി എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടിയും കോമഡി സീരീസുകള്‍ നിര്‍മിച്ചിട്ടുണ്ട് കല്യാണ സമയൽ സാദം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമാണി പുരസ്കാര ജേതാവ് കൂടിയാണ് ഇദ്ദേഹം.
Post Your Comments