പാലക്കാട്: തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. പട്ടാമ്പിയിലും നെന്മാറയിലും പൊതു ദർശനത്തിന് വച്ചശേഷമായിരുന്നു സംസ്കാരം. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി അപകട നില തരണം ചെയ്തെന്ന് ഡോക്ടർമാർ അറിയിച്ചു. രാവിലെ ഏഴരയോടെയാണ് നെന്മാറ അയിലൂർ സ്വദേശികളായ നിഖിൽ, വൈശാഖ്, ശിവൻ എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയത്. തുടർന്ന് വീടുകളിലും അയിലൂർ വായനശാലയിലും പൊതുദർശനത്തിന് വച്ചു. നാട്ടുകാരും ജനപ്രതിനിധികളുമുൾപ്പെടെ വൻ ജനാവലിയാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
തുടർന്ന് വാക്കാവ് പൊതുശ്മശാനത്തിൽ മൂവരെയും സംസ്കരിച്ചു. അപകടത്തിൽ മരിച്ച ആംബുലൻസ് ഡ്രൈവർ നെന്മാറ സ്വദേശി സുധീറിന്റെ മൃതദേഹം ഇന്നലെ രാത്രിതന്നെ ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു. രാവിലെ സുധീറിന്റെ സംസ്കാരം ആറ്റുവ ജുമാമസ്ജിദ് കബർസ്ഥാനിൽ നടന്നു. അപകടത്തിൽ മരിച്ച പട്ടാമ്പി, ഷൊറണൂർ സ്വദേശികളുടെ മൃതദേഹങ്ങൾ പത്തുമണിക്ക് ശേഷമായിരുന്നു ബന്ധുക്കൾ ഏറ്റുവാങ്ങിയത്. പാലക്കാട് ജില്ലാ ആശുപത്രിമോർച്ചറിയിൽ നിന്ന് വിലാപയാത്രയായി പട്ടാമ്പിയിലെത്തിച്ച മൃതദേഹങ്ങൾ വാടാനംകുറിശ്ശി സ്കൂൾ മൈതാനിയിൽ പൊതുദർശനത്തിന് വച്ചു. നവാസ്, നാസർ,സുബൈർ എന്നിവരെ പോക്കുപ്പടി ജുമാമസ്ജിദ് കബർസ്ഥാനിലും ഉമർ ഫാറൂഖിനെ വെട്ടിക്കാട്ടിരി ജുമാമസ്ജിദ് കബർസ്ഥാനിലുമാണ് സംസ്കരിച്ചത്.
Post Your Comments