ആലപ്പുഴ: കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ആലപ്പുഴ ജില്ലയിലെ തീരദേശവാസികള്‍ ഭീതിയില്‍. ജില്ലയില്‍ കനത്ത മഴയ്ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാല്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ തീരദേശ വാസികള്‍ ഭീതിയിലാണ്. ജില്ലയില്‍ മിക്കയിടങ്ങളിലും രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. അമ്പലപ്പുഴ പ്രദേശങ്ങളില്‍ കടല്‍ഭിത്തി ഇല്ലാത്തതു മൂലം രൂക്ഷമായ കടലാക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കാക്കാഴം, കോമന, നീര്‍ക്കുന്നം എന്നിവിടങ്ങളില്‍ ഇപ്പോഴും തുടരുന്ന കടലാക്രമാണം തീരദേശത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പ്രളയത്തിനു ശേഷം ആദ്യമെത്തുന്ന കാലവര്‍ഷത്തെ പേടിയോടെയാണ് ആലപ്പുഴ ജില്ലക്കാര്‍ കാണുന്നത്. വേനല്‍ കാലത്തു പോലും കടലാക്രമണത്തിന്റെ ഭീതിയിലാണ് അമ്പലപ്പുഴ, പുറക്കാട് പ്രദേശത്തുള്ളവര്‍. രാപ്പകല്‍ വ്യത്യാസമില്ലാതെ കടല്‍ കരയിലേയ്ക്ക് കയറുന്നതിനാല്‍ സമീപ പ്രദേശത്തെ വീടുകള്‍ ഏത് നിമിഷവും കടലെടുക്കാം എന്ന അവസ്ഥയിലാണുള്ളത്. കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഉദ്യോഗസ്ഥരെ ഇവിടുത്തുകാര്‍ സമീപിച്ചെങ്കിലും നാളിതു വരെ ഫലമുണ്ടായിട്ടില്ല. യുദ്ധകാല അടിസ്ഥാനത്തില്‍ കടലാക്രമണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യം നാള്‍ക്കു നാള്‍ ശക്തമാകുമ്പോഴും അധികാരികളുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത് നിസംഗത നിറഞ്ഞ മറുപടിയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
എല്ലാ കാലവര്‍ഷത്തിലും ഇവിടെ കടല്‍ക്ഷോഭമുണ്ടാകാറുണ്ട്. ഈ സമയം വീടുകള്‍ പൂര്‍ണ്ണമായി തകരുകയും മത്സ്യബന്ധന സാമഗ്രികളെല്ലാം ഒലിച്ചു പോയി ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. കടല്‍ ക്ഷോഭത്തില്‍ സ്വന്തമായുണ്ടായിരുന്ന വീടുകള്‍ പോലും നഷ്ടപ്പെട്ടവരാണ് കാട്ടൂര്‍ ലയോള, അമ്പലപ്പുഴ ശിശു വിഹാര്‍ഹാളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇന്നും കഴിയുന്നത്. ഇവരുടെ പുനരധിവാസത്തിന് വേണ്ട തുടര്‍നടപടികളും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല
Post Your Comments