മെല്‍ബണ്‍: വെറും എട്ടു വയസുള്ളപ്പോള്‍ കുടുംബത്തൊടൊപ്പം കശ്മീര്‍ വിട്ടതാണ് സന്ദീപ് പണ്ഡിറ്റ്. എന്നാല്‍ ഇപ്പോള്‍ പാരമ്പര്യ പാചകവൈദഗ്ധ്യത്തില്‍ അന്താരാഷ്ട്ര പാചകഷോ ‘ മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയ’ യിലെ വിധികര്‍ത്താക്കളെപ്പോലും അമ്പരിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം.
സന്ദീപ് തയ്യാറാക്കിയ റോഗന്‍ ജോഷ്, യെഖനി, മുജി ചേതീന്, ധുങ്കര്‍, കഹ്വാ, കബര്ഗ, തെഹ്ര് ,തുടങ്ങിയ വിഭവങ്ങളാണ് വിധികര്‍ത്താക്കളെ കീഴടക്കിയത്. കശ്മീരില്‍ നിന്ന് എട്ടാംവയസില്‍ പുറപ്പെട്ട സന്ദീപ് ചേക്കേറിയത് ബംഗലൂരുവിലാണ്. ഇവിടെ നിന്നാണ് പാചകകലയില്‍ ആഭിമുഖ്യം തോന്നിത്തുടങ്ങിയത്. സ്വന്തമായി ഒരു ഫ്രിഡ്ജ് പോലുമില്ലാത്ത വീട്ടില്‍ അമ്മയാണ് സന്ദീപിനെ കട്ടിയാകാതെ ദാലുണ്ടാക്കാനും ചീത്തയാകാതെ തിളപ്പിച്ചെടുക്കാനും പഠിപ്പിച്ചത്.
കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബാച്ചിലര്‍ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ഡിഗ്രിയും നേടിയിട്ടും സന്ദീപിന്റെ പാചക അഭിരുചി പോകാതെ കാത്തതും അമ്മയുടെ ശിക്ഷണം തന്നെയായിരുന്നു. മെല്‍ബണില്‍ നിന്ന് ഷൂട്ട് ചെയ്യുന്ന അന്താരാഷ്ട്ര പാചകഷോയില് സന്ദീപ് പുലര്‍ത്തുന്ന മികവ് ഇങ്ങ് കശ്മീരിലിരുന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പോലും ശ്രദ്ധിക്കുന്നുണ്ട്. മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയക്ക് ഒരു കശ്മീര്‍ ബന്ധമുണ്ടെന്ന ആമുഖത്തോടെ സന്ദീപിന്റെ പാചകത്തെക്കുറിച്ച് ഒമര്‍ അബ്ദുള്ള അടുത്തിടെ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഒമറിന് നന്ദി പറഞ്ഞ സന്ദീപ് ഇന്ത്യക്ക് അഭിമാനം സമ്മാനിക്കാനായി താന്‍ നന്നായി പരിശ്രമിക്കുമെന്ന് മറുപടിയും നല്‍കിയിരുന്നു.
അവസാന എപ്പിസോഡിലും നല്ല പ്രകടനം കാഴ്ച്ച വച്ച സന്ദീപിനായി സോഷ്യല്‍മീഡിയയും നല്ല പിന്തുണ നല്‍കുന്നുണ്ട്. 2016ലാണ് ജോലിക്കായി സന്ദീപ് ഓസ്ട്രേലിയയില്‍ എത്തിയത്. ഇന്ത്യന്‍ വിഭവങ്ങള്‍ നല്കുന്ന ഒരു നല്ല ഭക്ഷണശാല തുറക്കണമെന്നാണ് സന്ദീപിന്റെ സ്വപ്നം.
Post Your Comments