തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാറില്‍നിന്നു കണ്ടെത്തിയ സ്വര്‍ണാഭരണങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്. അപകടത്തെ തുടര്‍ന്ന് പൊലീസ് കാറില്‍ നിന്നും കസ്റ്റഡിയിലെടുത്ത പണവും പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ബാലഭാസ്‌കറിന്റെ കാറിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുടെ ചിത്രങ്ങള്‍ മനോരമ ഓണ്‍ലൈനാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ലോക്കറ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. രണ്ടു ബാഗുകളില്‍നിന്നാണു സ്വര്‍ണവും പണവും കണ്ടെടുത്തത്. പൊലീസ് പണം എണ്ണി തിട്ടപ്പെടുത്തിയശേഷം രജിസ്റ്ററില്‍ രേഖപ്പെടുത്തി. 2 ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും കണ്ടെടുത്തതായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതെ സമയം കാറിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് സുഹൃത്ത് പ്രകാശ് തമ്പിയെന്ന് ക്രൈംബ്രാഞ്ച്.
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ് പ്രകാശ് തമ്പി. പ്രകാശ് തമ്പി രാവിലെ തന്നെ സ്റ്റേഷനിലെത്തി മാനേജരാണെന്നു പരിചയപ്പെടുത്തി പൊലീസിനോട് സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ബാലഭാസ്‌കറും ലക്ഷ്മിയും അപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.
ബന്ധുക്കളാണെന്നു ബോധ്യമായതോടെ പൊലീസ് ബാഗുകളും ആഭരണങ്ങളും പണവും കൈമാറുകയായിരുന്നു. ഇതിന്റെ രേഖകള്‍ പിന്നീട് കേസ് അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്‌പി അനിലിനു കൈമാറി. മരണത്തിനു പിന്നില്‍ ദുരൂഹതയില്ലെന്നായിരുന്നു ഡിവൈഎസ്‌പിയുടെ റിപ്പോര്‍ട്ട്. ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.
Post Your Comments