അലിഗഢ്: രണ്ടര വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം കത്തുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെമുത്തശ്ശനുമായി പ്രതികൾക്ക് ഉണ്ടായിരുന്ന വെറും തുശ്ചമായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്രൂരമായാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പെണ്‍കുട്ടിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം കത്തുകയാണ്.
രാജ്യത്തെ രാഷ്ട്രീയ – സാമൂഹ്യ രംഗങ്ങളിലെപ്രമുഖര്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. മേയ് 30 ന് കാണാതായ പെണ്‍കുട്ടിയുടെ മൃതശ്ശരീരം കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെട്ടും ശരീരമാസകലം വെട്ടിമുറിക്കപ്പെട്ട നിലയിൽ മാലിന്യക്കൂനയില്‍ നിന്നാണ് ലഭിച്ചത്. തെരുവുനായ്ക്കള്‍ മൃതദേഹം കടിച്ചുവലിച്ച് പുറത്തിട്ടപ്പോഴാണ് കൊലപാതകം പുറംലോകം അറിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അയല്‍ക്കാരായ സാഹിദ്, അസ്ലം എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കേസെടുത്തു. അതിവേഗം കേസിന്റെ വിചാരണയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.അറസ്റ്റിലായ ഷാഹിദ് മുത്തച്ഛനില്‍ നിന്നും 50,000 രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ 10,000 രൂപ ഇനിയും തിരികെ നല്‍കാനുണ്ട്. ഏതാനും ദിവസം മുമ്പ് ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.ഇതിന്റെ പ്രതികാരമായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതും കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.
കൊടുംക്രൂരതയ്‌ക്ക് ഇരയായ കുട്ടിക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അടക്കം നിരവധി പേര്‍ രംഗത്തെത്തിയതോടെ സംഭവം ദേശീയ തലത്തില്‍ തന്നെ വന്‍ ചര്‍ച്ചയായി. സംഭവത്തിന് പിന്നിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം. പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാര്‍ റോഡ് ഉപരോധം അടക്കമുള്ള കാര്യങ്ങളിലേക്ക് തിരിഞ്ഞു.
അതേസമയം, സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഉത്തര്‍പ്രദേശ് പൊലീസ് കേസന്വേഷണത്തില്‍ വീഴ്‌ച വരുത്തിയ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തിട്ടുമുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, ശിവസേനാ നേതാവ് പ്രിയങ്കാ ചതുര്‍വേദി, ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍, നടി സണ്ണി ലിയോൺ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലും മറ്റും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
Post Your Comments