ഛണ്ഡീഗഢ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി. തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍, പരാജയത്തിന്റെ പേരില്‍ പിസിസി പ്രസിഡന്റിന്റെ കസേരയ്ക്കായി മുറവിളി ഉയര്‍ന്നപ്പോള്‍ ‘എന്നെ തീര്‍ക്കണമെങ്കില്‍ വെടിവച്ചുകൊന്നേക്കൂ’ എന്ന്സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വര്‍ പറഞ്ഞു.ഹരിയാനയിലെ 10 ലോക്സഭാ സീറ്റുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.
ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നേതാക്കള്‍ പരസ്പരം കൊമ്പ് കോര്‍ത്തത്.തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി സംസ്ഥാന നേതൃത്വം മാറണമെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ അനുയായികളായ നേതാക്കള്യോഗത്തില് ആവശ്യപ്പെട്ടു. മുകള്‍തട്ടു മുതല്‍ താഴേത്തട്ടു വരെ സംഘടനാപരമായ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഗുലാംനബി ആസാദ് പ്രഖ്യാപിച്ചതോടെയാണ് യോഗം പ്രക്ഷുബ്ധമായത്.
ചൂടേറിയ വാക്കുതര്‍ക്കത്തിനൊടുവില്‍ ‘നിങ്ങള്‍ക്ക് എന്നെ മാറ്റി നിര്‍ത്തണമെങ്കില്‍ എന്നെ വെടിവെക്കൂ’ എന്നുപറഞ്ഞ് അശോക് തന്‍വാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തിരഞ്ഞെടുപ്പില്‍ ഭൂപീന്ദര്‍ സിങ് ഹൂഡയും അദ്ദേഹത്തിന്റെ മകന് ദീപേന്ദര്‍ സിങ് ഹൂഡയുമടക്കമുള്ള നേതാക്കളെല്ലാം പരാജയപ്പെട്ടിരുന്നു. ഭൂപീന്ദര്‍ സിങ് ഹൂഡയും അശോക് തന്‍വാറും ഹരിയാന കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്നവരാണ്. ഇരുവിഭാഗവും തമ്മിലുള്ള കടുത്ത വിഭാഗീയതയാണ് ഹരിയാനയിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ പ്രധാന കാരണം.
Post Your Comments