KeralaLatest News

‘അയാള്‍ ആ സ്ത്രീയുടെ മാറത്തേക്ക് വാ പൊളിച്ച് തുറിച്ച് നോക്കുന്നു. അവരത് കണ്ടു’- ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ കുറിച്ച് ഡോ. ഷിംന

സൂപ്പർമാർക്കറ്റിൽ വെച്ച് കണ്ട യുവാവിന്റെ പെരുമാറ്റ വൈകൃതത്തെ കുറിച്ച് ഡോ. ഷിംനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എല്ലാവരിലും തെറ്റിന്റെയും ശരിയുടെയും അംശങ്ങളുണ്ടെന്ന് തീര്‍ച്ച. എന്നാലും, ജീവിതത്തില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് വല്ലാത്തൊരു കഴിവാണ്. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍. അവരെ ശരിക്കും ഭയക്കേണ്ടതുണ്ടെന്ന് ഷിംന പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഷോപ്പിംഗ് വല്യ ഇഷ്‌ടമുള്ള പരിപാടിയേ അല്ല. ‘കുട്ടികൾ പട്ടിണിയാകും’ എന്ന അവസ്‌ഥ ഒഴിവാക്കാൻ മാത്രം ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ സൂപ്പർമാർക്കറ്റിൽ ഓടിപ്പോയി വരും. അന്നേരത്തെ ബോറടി മാറ്റാനുള്ള പ്രധാന ഉപാധി ചുറ്റുമുള്ള മനുഷ്യരെ നിരീക്ഷിക്കലാണ്‌. അസൂയക്കാർ ഇതിന്‌ ‘വായിൽനോട്ടം’ എന്നൊക്കെ പറയുമെങ്കിലും എഴുതാനും ക്ലാസെടുക്കാനുമുള്ള യഥേഷ്‌ടം ഇൻപുട്ട്‌ ഇത്‌ വഴി കിട്ടാറുണ്ട്‌.

ഇന്നലെ ആ വഴി പോയപ്പോൾ ഒരു ചെറുപ്പക്കാരായ ദമ്പതികളെ കണ്ടു. ഓപ്പസിറ്റ്‌ സൈഡീന്ന്‌ ട്രോളി ഉന്തി വന്ന ആളോട്‌ സൈഡ്‌ തന്നതിന്റെ പേരിൽ അവൾ ഹൃദ്യമായൊന്ന്‌ ചിരിച്ചു. അയാളത്‌ തിരിച്ചും നൽകി. കൂടെയുള്ള ഭർത്താവ് ഇത് കണ്ട് അവളെ നോക്കി പല്ലിറുമ്മി തുറിച്ച്‌ നോക്കുന്നതും എന്തോ പിറുപിറുക്കുന്നതും കണ്ടു. അവളത്‌ കണ്ടിരുന്നില്ല.

പത്ത് മിനിറ്റോ മറ്റോ കടന്ന് പോയിക്കാണണം. അടുത്ത ഷോട്ടിൽ കാണുമ്പോൾ ഇയാൾക്ക് മുന്നിൽ ബില്ലിംഗിൽ സെക്ഷനിലെ പെൺകുട്ടിയും അടുത്തൊരു സ്‌ത്രീയും നിൽപുണ്ട്‌. ഇയാൾ ആ സ്‌ത്രീയുടെ മാറത്തേക്ക്‌ വാ പൊളിച്ച്‌ തുറിച്ച്‌ നോക്കുന്നു. അവരത്‌ കണ്ടു, ഇയാളുടെ കണ്ണിലേക്ക്‌ തന്നെ ഇമ വെട്ടാതെ നോക്കി നിന്നു. ഇത്‌ കണ്ട്‌ ചൂളിയ അയാൾ കാര്യം പന്തിയല്ലെന്ന്‌ കണ്ട്‌ ഭാര്യയെ വിളിച്ച് ക്യൂവിൽ നിർത്തി റിംഗ് ചെയ്യാത്ത ഫോണെടുത്ത് ചെവിയിൽ വച്ച് അവിടെ നിന്ന്‌ പയ്യേ സ്‌കൂട്ടായി.

സ്വന്തം പെരുമാറ്റത്തിന്റെ അച്ചിലൂടെയാവണം ലോകത്തുള്ള സകല പുരുഷൻമാരെയും അയാൾ കാണുന്നത്‌. ആണിനെ വൃത്തി കെട്ടവനായി കണ്ണുമടച്ച് ചിത്രീകരിക്കുന്നത്‌ ഇത്തരം ചില ആണുങ്ങളും അതേറ്റ്‌ പാടുന്ന കുലസ്ത്രീ പെണ്ണുങ്ങളുമാണ്‌. ലോകത്തുള്ള ആണുങ്ങളെല്ലാം ‘നമ്മളെ ഇപ്പോ ബലാൽസംഗം ചെയ്‌തു കളയും’ എന്ന പൊതുബോധത്തിന്റെ സൃഷ്‌ടിപ്പിലും ഇത്തരം വഷളൻമാർക്ക്‌ ചെറുതല്ലാത്ത പങ്കുണ്ട്‌. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും അടിസ്ഥാനപരമായി ഒരു വികാരജീവിയല്ല, മനുഷ്യജീവിയാണെന്ന്‌ പറഞ്ഞുകൊടുക്കാൻ പലപ്പോഴും നമ്മൾ അറിഞ്ഞോ അറിയാതെയോ മറന്നു പോകുന്നുമുണ്ട്‌.

അത്‌ പോലെ പലപ്പോഴും ചിലർ ഉളുപ്പില്ലാതെ ചോദിക്കുന്നത്‌ കേട്ടിട്ടുണ്ട്‌, ‘അത്‌ കൊണ്ട്‌ അയാൾക്കെന്ത് ഗുണം? ഒന്നും കാണാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ’ എന്ന്‌. സംഗതി സിമ്പിളാണ്‌. ഈ പറയുന്ന വ്യക്‌തി ഒരിക്കലും സ്വന്തം ഗുണം നോക്കാതെ ഒന്നും ചെയ്യില്ല. അങ്ങനെയും ചെയ്യാൻ പറ്റുമെന്ന കാര്യം പോലും ഒരു പക്ഷേ അവർക്കറിയില്ലായിരിക്കാം.

മുതിർന്നവരോട്‌ ചോദിക്കേണ്ട ചോദ്യങ്ങൾ പരിഹാസച്ചുവയോടെയോ അശ്ളീലം പുരട്ടിയോ അവരുടെ മക്കളോട്‌ ചോദിക്കുന്നവർ, അവനവൻ ചെയ്യുന്ന തെറ്റിനെ വെളുപ്പിക്കാൻ മറ്റവരും അത്തരക്കാരെന്ന്‌ വരുത്തി തീർക്കാൻ പെടാപ്പാട്‌ പെടുന്നവർ… പുറമേക്ക് സദാചാരം പ്രസംഗിച്ച്‌ ലോകത്തുള്ള സകലവൈകൃതവും സ്വകാര്യമായി താലോലിക്കുന്നവർ… ബഹുജനം പലവിധമെന്ന്‌ പറയാതെ വയ്യ.

എല്ലാവരിലും തെറ്റിന്റെയും ശരിയുടെയും അംശങ്ങളുണ്ടെന്ന്‌ തീർച്ച. എന്നാലും, ജീവിതത്തിൽ അഭിനയിക്കാൻ സാധിക്കുന്നത്‌ വല്ലാത്തൊരു കഴിവാണ്‌. ആട്ടിൻ തോലണിഞ്ഞ ചെന്നായ്‌ക്കൾ. അവരെ ശരിക്കും ഭയക്കേണ്ടതുണ്ട്‌.

നിലപാടുകളില്ലാത്ത കാപട്യം കടുത്ത ഉപദ്രവകാരിയാണ്‌. അത്‌ ഏത്‌ വഴിക്കും തിരിയാം, ചുറ്റുമുള്ളവരെ ആഞ്ഞ്‌ കൊത്താം. നേർവഴിയിലോടുന്നവർക്ക്‌ എപ്പോൾ വേണമെങ്കിലും പതിനെട്ടിന്റെ പണി തരാവുന്ന വിധത്തിൽ…

shortlink

Related Articles

Post Your Comments

Related Articles


Back to top button