കൊച്ചി: നിപ വൈറസ് ബാധിച്ച യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി ചികില്‍സിക്കുന്ന ഡോക്ടര്‍ അനൂപ് വാര്യര്‍. നേരത്തെ ഉണ്ടായിരുന്ന കഠിനമായ പനി ഇപ്പോഴില്ല. ഓര്‍മശക്തി നഷ്ടപ്പെടുന്ന അവസ്ഥയിലും മാറ്റമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. രോഗി റിബാവൈറിന്‍ മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. റിബാവൈറിന്‍ മരുന്ന് മാത്രമാണ് ചികിത്സയിലുള്ള രോഗിക്ക് ഇതുവരെ നല്‍കിയിരുന്നത്. നിപ ചികിത്സയ്ക്കുള്ള ഹ്യൂമണ്‍ മോണോക്ലോണല്‍ എന്ന മരുന്ന് പൂണെയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചിരുന്നുവെങ്കിലും ഇതുവരെ അത് ഉപയോഗിച്ചിട്ടില്ല.
അതേസമയം, നിയന്ത്രണവിധേയമെങ്കിലും കേരളത്തില്‍ നിപ ജാഗ്രത തുടരുകയാണ്. കളമശേരി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ആറുപേരുടെ രക്ത, സ്രവ സാംപിളുകളുടെ പരിശോധനാഫലം ഇന്നു ലഭിക്കും. ഏഴാമതായി പ്രവേശിപ്പിച്ചയാളുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. മുഖ്യമന്ത്രി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗം വൈകിട്ട് കൊച്ചിയില്‍ ചേരും.
വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ഇന്നും ശ്രമം തുടരും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍കരണവും ഇന്ന് മുതല്‍ തുടങ്ങും. വൈകിട്ട് മൂന്നുമണിക്ക് എറണാകുളം കലക്ടറേറ്റിലാണ് മുഖ്യമന്ത്രി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗം. ആരോഗ്യമന്ത്രി കെ.കെ.ശൈലജയും യോഗത്തില്‍ പങ്കെടുക്കും.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇന്നലെ 314 ആയി ഉയര്‍ന്നിരുന്നു.
Post Your Comments