തിരുവനന്തപുരം: പനിബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടാമത്തെ രോഗിക്കും നിപ യില്ല. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. എറണാകുളത്ത് നിന്നും പനി ബാധിച്ചെത്തിയതിനെ തുടര്‍ന്ന് കല്ലിയൂര്‍ സ്വദേശിയായ യുവാവിനെയാണ് നിരീക്ഷണത്തിലാക്കിയിരുന്നത്. കരുതല്‍ നടപടികളുടെ ഭാഗമായായിരുന്നു ഈ നീക്കം.
പനി ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്ന 18കാരനായ മറ്റൊരു വിദ്യാര്‍ഥിക്കും രോഗമില്ലെന്ന് മുന്‍പ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്ട് നിന്ന് പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ രോഗിക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ കൊച്ചിയില്‍ യുവാവുമായി അടുത്തിടപഴകിയതിനെ തുടര്‍ന്ന് പനി ബാധിച്ചെത്തിയ രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവാണെന്ന് കണ്ടെത്തി.
ഇതോടെ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന എട്ട് പേരുടെ നിപ സാമ്പിളുകളും നെഗറ്റീവാണെന്ന് കണ്ടെത്തിയത് ആരോഗ്യവകുപ്പിന് ഏറെ ആശ്വാസമാവുകയാണ്. രോഗബാധ അതിജീവിക്കാന്‍ കഴിഞ്ഞതില്‍ ആശ്വസമുണ്ടെന്നും നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം വിദഗ്ധര്‍ തുടങ്ങിയതായും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.
Post Your Comments