പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം നാട് കൈകോര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നു. സ്‌കൂള്‍ തുറക്കാന്‍ ഒരുദിനം ശേഷിക്കെ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ ഇതുവരെ പുതുതായി പ്രവേശനം നേടിയത് 41180 വിദ്യാര്‍ഥികളാണ്. ഇതില്‍ 19733 കുട്ടികള്‍ ഒന്നാംതരത്തിലും, 4935 പേര്‍ അഞ്ചാം ക്ലാസ്സിലും 9526 പേര്‍ എട്ടാം ക്ലാസിലും പുതുതായി പ്രവേശനം നേടി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറുകയാണ്. കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്‌കരിക്കുകയും അന്തര്‍ദേശീയ നിലവാരത്തിലുള്ള പഠനത്തിന് പര്യാപ്തമായ രീതിയില്‍ പൊതുവിദ്യാലയങ്ങളെ മാറ്റിയെടുക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിശാലമായ ക്ലാസ് മുറികള്‍ക്കൊപ്പം അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും, ലൈബ്രറികളും വിദ്യാലയങ്ങളുടെ മാറ്റുകൂട്ടുന്നു. സര്‍ക്കാര്‍ ഫണ്ടിനൊപ്പം തദ്ദേശസ്ഥാപനങ്ങള്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനകള്‍, പിടിഎകള്‍, പ്രദേശവാസികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ സമിതികള്‍ രൂപീകരിച്ച് അധിക മൂലധനം സമാഹരിച്ചാണ് സ്‌കൂളുകളുടെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പെടെ ജില്ലയിലെ 110 സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഫണ്ട് അനുവദിച്ച് പ്രവൃത്തി ആരംഭിച്ചു. കിഫ്ബി ഫണ്ടില്‍ മാത്രം 85 സ്‌കൂളുകള്‍ക്കായി 197 കോടി രൂപയാണ് അനുവദിച്ചത്.
അഞ്ച് കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് ഒരു നിയോജക മണ്ഡലത്തിലെ ഒരു സ്‌കൂള്‍ വീതം 11 സ്‌കൂളുകളാണ് ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എവി സ്മാരക ജിഎച്ച്എസ്എസ് കരിവെള്ളൂര്‍, ജിഎച്ച്എസ്എസ് ചെറുതാഴം, ജിവിഎച്ച്എസ്എസ് കുറുമാത്തൂര്‍, എകെജി സ്മാരക ജിഎച്ച്എസ്എസ് പെരളശ്ശേരി, ജിഎച്ച്എസ്എസ് ശ്രീകണ്ഠാപുരം, ജിഎച്ച്എസ്എസ് വളപട്ടണം, ജിഎച്ച്എസ്എസ് തോട്ടട, ജിവിഎച്ച്എസ്എസ് ചിറക്കര, ജിഎച്ച്എസ്എസ് പാട്യം, ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ, ജിഎച്ച്എസ്എസ് പാല എന്നീ സ്‌കൂളുകള്‍ക്കാണ് അഞ്ച് കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഇതില്‍ പെരളശ്ശേരി ജിഎച്ച്എസ്എസ്സില്‍ കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയായി. നാല് സ്‌കൂളുകളുടെ കെട്ടിട നിര്‍മ്മാണം ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാവും. 34 സ്‌കൂളുകള്‍ക്ക് മൂന്ന് കോടി രൂപ വീതവും, 40 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതവും കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 35 കോടി രൂപ വിനിയോഗിച്ച് 25 സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുന്നു. എട്ട് മുതല്‍ 12 വരെ 3659 ക്ലാസ് മുറികള്‍ ജില്ലയില്‍ ഇതിനോടകം ഹൈടെക് ആയി.
വിദ്യാലയങ്ങളുടെ അക്കാദമിക മികവിനും വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എല്‍എസ്എസ്/യുഎസ്എസ് പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ മികച്ച പ്രകടനം പൊതുവിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ മികവ് പ്രകടമാക്കുന്നതാണ്. എല്‍എസ്എസ്/യുഎസ്എസ് പരീക്ഷ എഴുതിയതില്‍ സംസ്ഥാനത്ത് 25 ശതമാനത്തിലധികം വിജയം കൈവരിച്ച 12 സബ്ബ് ജില്ലകളില്‍ ആറും കണ്ണൂര്‍ ജില്ലയിലാണ്. ഇതിന് പുറമെ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിന് ജൈവവൈവിധ്യ ഉദ്യാനം പദ്ധതിയും സ്‌കൂളുകളില്‍ പുരോഗമിച്ചുവരികയാണ്. ഡിപിഐ, എസ്എസ്‌കെ, ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ 150 ല്‍ അധികം സ്‌കൂളുകളില്‍ ഇത്തരത്തില്‍ ജൈവവൈവിധ്യ ഉദ്യാനം ഒരുങ്ങുന്നുണ്ട്.
Post Your Comments