തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചുവെങ്കിലും രോഗത്തിന്റെ ഉറവിടം കണ്ടെത്തല്‍ വെല്ലുവിളിയാകുന്നു. വലിയൊരു തരത്തില്‍ രോഗവ്യാപനമുണ്ടാകില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വിലയിരുത്തുന്നതും. എന്നാല്‍ രോഗം എവിടെനിന്ന് വന്നു എന്നത് സംബന്ധിച്ച് കൃത്യമായ വിവര ശേഖരണം വെല്ലുവിളി തന്നെയാണെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ എന്‍ സുള്‍ഫി പറയുന്നത്.
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നുണ്ട്. തൊടുപുഴയിലെ വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് എവിടെ നിന്ന് കിട്ടി എന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്. വവ്വാലില്‍ നിന്നാണോ അതോ മറ്റേതെങ്കിലും വ്യക്തിയില്‍ നിന്നാണോ എന്ന കാര്യത്തിലൊന്നും തീര്‍പ്പില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കേന്ദ്രത്തില്‍ നിന്നും കേരളത്തില്‍ നിന്നും ഉള്ള വിദഗ്ധരുടെ സംഘം ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ നടത്തുന്നുണ്ട്.
ഉറവിടം കണ്ടെത്തല്‍ ബുദ്ധിമുട്ടായതുകൊണ്ട് ഏത് സാഹചര്യത്തിലും എപ്പോള്‍ വേണമെങ്കിലും കേരളത്തില്‍ നിപ ഉണ്ടാകാമെന്ന തിരിച്ചറിവാണ് വേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്. അതേസമയം നിപ ബാധിതനായ വിദ്യാർത്ഥിയുടെ പനി കുറഞ്ഞു തുടങ്ങി. വൈകാതെ ഇയാളിൽ നിന്ന് രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
Leave a Comment