KeralaLatest NewsIndia

കാണാതായ വ്യോമസേന വിമാനത്തില്‍ അഞ്ചല്‍ സ്വദേശിയും

അഞ്ചല്‍: അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിക്ക് സമീപം കാണാതായ വ്യോമസേന വിമാനത്തില്‍ അഞ്ചല്‍ സ്വദേശിയും ഉള്‍പ്പെട്ടതായി വിവരം. ഫൈ്ലറ്റ് എന്‍ജിനീയര്‍ അനൂപ് കുമാറിനെയാണ് കാണാതായത്. അഞ്ചല്‍ ആലഞ്ചേരി കൊച്ചുകോണത്ത് വീട്ടില്‍ ശശിധരന്‍ പിള്ളയുടെയും വിമലയുടെയും മകനായ അനൂപും വിമാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

അനൂപ് ഉള്‍പ്പെടെ 13 സൈനികരെയാണ് കാണാതായത്. അസമിലെ ജോര്‍ഹടില്‍നിന്ന് അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് പറന്ന ആന്റനോവ് എഎന്‍32 വിമാനമാണ് അപ്രത്യക്ഷമായത്. വിമാനം കണ്ടെത്താനായി ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. വിമാനം തകര്‍ന്നു വീണതിന്റെ അവശിഷ്ടങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. മേഘങ്ങള്‍ നിറഞ്ഞ കാലാവസ്ഥയാണ് തിരച്ചില്‍ ദുഷ്‌കരമാക്കുന്നത്. ഐ.എസ്.ആര്‍.ഒ.യുടെ കാര്‍ട്ടോസാറ്റ്, റിസാറ്റ് ഉപഗ്രഹങ്ങളാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. വ്യോമസേനയുടെ സുഖോയ് വിമാനങ്ങളും സി.130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങളും കരസേനയുടെ എം.ഐ. ഹെലികോപ്റ്ററുകളും തിങ്കളാഴ്ച മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

പതിനൊന്ന് വര്‍ഷം മുമ്പാണ് അനൂപ് സൈന്യത്തില്‍ ചേര്‍ന്നത്. ഒന്നരമാസം മുമ്പ് നാട്ടിലെത്തി ഭാര്യ വൃന്ദയെയും ആറുമാസം പ്രായമായ കുഞ്ഞിനേയും കൂട്ടിയാണ് തിരികെ പോയത്. വിവരമറിഞ്ഞ് മന്ത്രി കെ രാജു അനൂപ് കുമാറിന്റെ കുടുംബവീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button