സതാംപ്ടണ്‍: ലോകകപ്പില്‍ ഇന്ത്യ ഇന്ന് കന്നിയങ്കത്തിനിറങ്ങുന്നു. ആദ്യ രണ്ട് കളിയിലും പരാജയം രുചിച്ചെത്തുന്ന ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഉച്ചയ്ക്ക് ശേഷം മൂന്നിന് സതാംപ്ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ആവേശപ്പോരാട്ടം നടക്കുന്നത്.
ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലെ ചരിത്രത്തിനൊപ്പം മഴയും പ്രധാന വില്ലനാണ്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള വിജയശതമാനം വിരാട് കോലിക്കും സംഘത്തിനും അത്ര ആത്മവിശ്വാസം പകരുന്നതല്ല.
ഇരുടീമുകളും ഇതുവരെ 4 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു. 2011ല്‍ ഇന്ത്യ നേടിയ ലോകകപ്പില്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ വീണുപോയിരുന്നു. ഇത്തവണ അതിന് മാറ്റം വരുത്താനുള്ള ദൃഢനിശ്ചയത്തിലാണ് കോലിയും സംഘവും
കളത്തിലിറങ്ങുന്നത്. അഫ്ഗാന്‍-ശ്രീലങ്ക മത്സരത്തിലേത് പോലെ മഴ പെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ അത്തരം സാഹചര്യങ്ങളും നേരിടാനുള്ള പരിശീലനങ്ങള്‍ ഇന്ത്യ നടത്തിയിട്ടുണ്ട്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ തന്നെയാണ് ഇന്ത്യയുടെ ആദ്യ പ്രതീക്ഷകള്‍.
രോഹിത് ശര്‍മ്മയ്്ക്കും ശിഖര്‍ ധവാനും ആത്മവിശ്വാസം പകരുന്നതാണ് ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചിട്ടുള്ള മുന്‍ ചരിത്രവും. മൂന്നാമനായി കോലിയും എത്തുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര കരുത്താര്‍ജിക്കുന്നു. എന്നാല്‍, ഇതുവരെ സ്ഥിരപ്പെടാത്ത നാലാം നമ്പര്‍ സ്ഥാനമാണ് കോലിയെ ആശങ്കപ്പെടുത്തുന്നത്. സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലിനെ തന്നെ പരീക്ഷിക്കാനുള്ള സാധ്യതയാണ് ഉള്ളതെങ്കിലും ഓള്‍റൗണ്ടര്‍ എന്ന രീതിയില്‍ വിജയ് ശങ്കറിനെയും നാലാം നമ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. നീണ്ട ടൂര്‍ണമെന്റ് ആയതിനാല്‍ ആദ്യ മത്സരത്തില്‍ അല്‍പ്പം റിസ്‌ക് എടുക്കാനും ടീം മാനേജ്‌മെന്റ് തീരുമാനിച്ചേക്കാം.
മധ്യനിരയിലെ എല്ലാ പ്രതീക്ഷകളും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയിലാണ്. ഐപിഎല്ലിലും തുടര്‍ന്ന് ലോകകപ്പ് സന്നാഹ മത്സരത്തിലും മിന്നി തിളങ്ങി വിമര്‍ശകരുടെ വായ അടപ്പിച്ചാണ് ധോണി എത്തുന്നത്. അതേസമയം, മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ഭുവനേശ്വര്‍ കുമാര അടക്കം മൂന്ന് പേസര്‍മാരെ പരിഗണിക്കുവാനും സാധ്യതയുണ്ട്.
Post Your Comments