തിരുവനന്തപുരം : രാജ്യരക്ഷയുടെ ഭാഗമായി ജീവൻ വെടിയുന്ന സംസ്ഥാനത്തുനിന്നുള്ള സൈനികരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാറിന്റേതെന്നും അത് ഇനിയും മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സായുധസേന പതാകദിന ഫണ്ടിന്റെയും രാജ്യ സൈനികബോർഡിന്റെയും സംയുക്തയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെ മരണമടയുന്ന വീടില്ലാത്ത സൈനികന്റെ കുടുംബത്തിനു വീട് നിർമിച്ചുനൽകാനും മാതാപിതാക്കളെ ജീവിതകാലം മുഴുവൻ സംരക്ഷിക്കാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങൾക്ക് ഇങ്ങനെയൊരു ഏകീകരിച്ച നിലപാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമുക്തഭടൻമാർക്കും ആശ്രിതർക്കും സൈനികക്ഷേമവകുപ്പ് വഴി നൽകുന്ന ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ യോഗം തീരുമാനിച്ചു. എയിഡ്‌സ് രോഗികളായ വിമുക്തഭടൻമാർ/ അവരുടെ വിധവകൾ/ വിമുക്തഭടൻമാരുടെ ഭാര്യ/ ആശ്രിതരായ മക്കൾ എന്നിവർക്ക് ധനസഹായം ആദ്യമൂന്നുവർഷത്തക്ക് എന്നത് ആജീവനാന്തമാക്കി വർധിപ്പിച്ചു. വിമുക്തഭടൻമാരുടെ മക്കൾക്ക് സിവിൽ സർവീസ് ഉൾപ്പെടെ വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരീശീലനത്തിനുള്ള ധനസഹായം 20,000 രൂപയിൽ നിന്ന് 35,000 രൂപയായി ഉയർത്തി. ഇതിനായുള്ള വരുമാനപരിധി നാലുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി വർധിപ്പിച്ചു.
ദേശീയ അന്തർദേശീയ കായികമത്സരങ്ങളിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടുന്ന വിമുക്തഭടൻമാർ/ ആശ്രിതർക്ക് യഥാക്രമം ഒരുലക്ഷം, 50,000, 25,000 രൂപ വീതവും അന്തർദേശീയ മത്സരവിജയികൾക്ക് യഥാക്രമം 1,50,000 രൂപ, ഒരുലക്ഷം, 75,000 രൂപ വീതവും നൽകാൻ തീരുമാനിച്ചു. 2018 ഏപ്രിൽ ഒന്ന് മുതൽ മുൻകാലപ്രാബല്യത്തോടെയാവും ഒറ്റത്തവണ സാമ്പത്തികവിതരണം ചെയ്യുന്നത്.
യോഗത്തിൽ 2019-20 സാമ്പത്തികവർഷത്തേക്ക് 6,28,50,000 രൂപയുടെ ബഡ്ജറ്റും അംഗീകരിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ്, സതേൺ എയർ കമാൻഡ് എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് എയർമാർഷൽ ബി.സുരേഷ്, പാങ്ങോട് സൈനിക സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അരുൺ സി.ജി, മറ്റ് ഉന്നത സൈനികോദ്യോഗസ്ഥർ, സൈനികക്ഷേമവകുപ്പ് ഡയറക്ടർ ഇൻ ചാർജ് എ.കിഷൻ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments