Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച : സ്വര്‍ണവും പണവും അടക്കം 36 ലക്ഷം കവര്‍ന്നു

തിരുവനന്തപുരം : വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. സ്വര്‍ണവും പണവും അടക്കം 36 ലക്ഷം കവര്‍ന്നു. തിരുവനന്തപുരം നഗരത്തിലാണ് വന്‍ കവര്‍ച്ച നടന്നത്. . വീട്ടുകാര്‍ സ്ഥലത്ത് ഇല്ലാതിരുന്ന സമയത്താണ് വീട് കുത്തി തുറന്ന് പണവും സ്വര്‍ണവും ആഭരണങ്ങളും ഉള്‍പ്പെടെ 36 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകള്‍ കവര്‍ന്നത്. സംഭവം അറിഞ്ഞ വീട്ടുകാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മണക്കാട് കൊഞ്ചിറവിള ടിസി 49- 490 ല്‍ അഭിഭാഷകയായ കവിതയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇവര്‍ സ്ഥലത്ത് ഇല്ലാതിരുന്ന സമയത്തായിരുന്നു മോഷണം.

ഇന്നലെ തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇരു നില കെട്ടിടത്തിന്റെ മുന്‍ വശത്തെ വാതില്‍ കുത്തി തുറന്നാണ് കള്ളന്‍ അകത്ത് കടന്നത്. രണ്ടാം നിലയിലെ ബെഡ് റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 14 ലക്ഷം രൂപ വില വരുന്ന 70 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 20 ലക്ഷം രൂപ വില വരുന്ന ഡയമണ്ട്, 25,000 രൂപ എന്നിവയാണ് നഷ്ടമായത്.

പരാതി തുടര്‍ന്നു ഇന്നലെ ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. വിരലടയാളങ്ങള്‍ ശേഖരിച്ചു. സ്ഥല പരിശോധനയും നടത്തി. എന്ത് ഉപയോഗിച്ചാണ് മുന്‍വശത്തെ വാതില്‍ കുത്തിപൊളിച്ചതെന്നു ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നു പൊലീസ് പറഞ്ഞു.വീടിന് സമീപത്ത് നിന്നായി സാധാരണ മോഷ്ടാക്കള്‍ വീട് പൊളിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ 31 നും 3 നും ഇടയിലാകും മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൈകി്ട് 4.30 നും 9.30 നും ഇടയിലാണ് മോഷണം . കൃത്യമായ തീയതിയും സമയവും കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമായി പറയാന്‍ സാധിക്കൂവെന്നാണ് പൊലീസ് ഭാഷ്യം. തലസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും വലിയ മോഷണം നടക്കുന്നത്.

ഒരാള്‍ ഒറ്റയ്ക്കായിരിക്കും മോഷണം നടത്തിയെതന്നാണ് പരിശോധനകളില്‍ നിന്നും അറിയാന്‍ സാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നീരീക്ഷണം നടത്തി ആളില്ലെന്നു ഉറപ്പിച്ച ശേഷമാണ് മോഷ്ടാവ് കൃത്യം നടത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രഫഷനല്‍ സംഘമുണ്ടോയെന്നതും അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button