ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയും രൂക്ഷമാകുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജി സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ നിന്ന് ഭിന്നത മറ നീക്കി പുറത്തുവരികയാണ് ഇപ്പോള്‍.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിനെതിരെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. തന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം സച്ചിന്‍ പൈലറ്റ് ഏറ്റെടുക്കണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. ജോധ്പുര്‍ മണ്ഡലത്തില്‍ മത്സരിച്ച വൈഭവ് വന്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് അവകാശപ്പെട്ടിരുന്ന സച്ചിന്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് ഗെഹ്ലോട്ട് സച്ചിനെതിരെയുള്ള ഭിന്നത വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ജോധ്പൂരില്‍ മത്സരിച്ച അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് പരാജയപ്പെട്ടത് പാര്‍ട്ടിയില്‍ ഏറെ ചര്‍ച്ചയായിരുന്നു. അശോക് ഗെഹ്ലോട്ട് അഞ്ച് തവണ എംപിയായി ജയിച്ചിട്ടുളള മണ്ഡലം കൂടിയാണിത്.
അതേസമയം ഡിസംബറില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിലെ യോജിപ്പില്ലായ്മ ദേശീയ നേതൃത്വത്തിനും തലവേദന ആകുകയാണ്. മകന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പദത്തിനായി ഇവിടെ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും അവകാശം ഉന്നയിച്ചിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇടപെട്ടാണ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തീരുമാനിച്ചത്.
Post Your Comments