കൊല്‍ക്കത്ത: ബിജെപിക്കെതിരെ വീണ്ടും വിമർശനവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ബിജെപി മതത്തെ രാഷ്ട്രീയവുമായി കൂട്ടികുഴയ്ക്കുന്നെന്ന് മമത വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുദ്രാവാക്യങ്ങളുണ്ട്. ഇവ പാര്‍ട്ടി റാലികളില്‍ ഉപയോഗിക്കുന്നതിനോട് താന്‍ എതിരല്ല. എന്നാല്‍ മതത്തെ രാഷ്ട്രീയവുമായി കൂട്ടികുഴച്ച് ജയ് ശ്രീ റാം എന്ന മുദ്രാവാക്യം പാര്‍ട്ടി മുദ്രാവാക്യമായി ബിജെപി ഉപയോഗിക്കുന്നു. വെറുപ്പും അക്രമവും ബോധപൂര്‍വ്വം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് അവർ ആരോപിച്ചു.
ബിജെപി പ്രവര്‍ത്തകര്‍ മമതക്കെതിരെ ജയ ശ്രീ റാം വിളിച്ചതും മമത പ്രവര്‍ത്തകരോട് തട്ടിക്കയറിയതും വിവാദമായതോടെയാണ് മമതയുടെ പ്രതികരണം. ജയ ശ്രീ റാം വിളിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച മമത ബാനര്‍ജിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ജയ ശ്രീ റാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയക്കുമെന്ന് ബിജെപി എംപി അര്ജുന് സിംഗ് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments