അമരാവതി: ആന്ധ്രാപ്രദേശില്‍ ജനക്ഷേമ പദ്ധതികളുടെ പേര് മാറ്റി ജഗന്‍ മോഹന്‍ സര്‍ക്കാര്‍. മുന്‍ ഭരണകക്ഷി തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപകനും ഐക്യ ആന്ധ്രയുടെ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി രാമറാവുവിന്റെ പേരിലായിരുന്ന പല പദ്ധതികളുടെയും പേര് മാറ്റി. തന്റെ പിതാവും ഐക്യ ആന്ധ്രയുടെ മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ പേരാണ് പദ്ധതികള്‍ക്ക് നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച വിജയവാഡയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തന്നെ പദ്ധതികളുടെ പേര് മാറ്റം തുടങ്ങിയിരുന്നു.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ട് പുറത്തായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പേരിലുള്ള പദ്ധതികള്‍ക്കും പുതിയ പേര് നല്‍കി.മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഇനി വൈ.എസ്.ആര്‍ പെന്‍ഷന്‍ കനുക (വൈ.എസ്.ആര്‍ പെന്‍ഷന്‍ സമ്മാനം) എന്നറിയപ്പെടും. സത്യപ്രതിജ്ഞാ വേദിയില്‍ വച്ച് തന്നെ പെന്‍ഷന്‍ പദ്ധതിയുടെ പേര് മാറ്റം മുഖ്യമന്ത്രി ജഗന്‍ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ എന്‍.ടി.ആര്‍ ബരോസ (എന്‍.ടി.ആര്‍ പിന്തുണ) എന്നാണ് പെന്‍ഷന്‍ പദ്ധതി അറിയപ്പെട്ടിരുന്നത്.നേരത്തെ 2000 രൂപയായിരുന്ന പെന്‍ഷനില്‍ നേരിയ വര്‍ദ്ധനവ് വരുത്തിയാണ് പേര് മാറ്റം പ്രഖ്യാപിച്ചത്.
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി ഇനി വൈ.എസ്.ആര്‍ അക്ഷയ പാത്ര എന്നറിയപ്പെടും. ഉച്ചഭക്ഷണം തയ്യാറാക്കുന്നവര്‍ക്കുള്ള ഹോണറേറിയം ആയിരം രൂപയില്‍ നിന്ന് മൂവായിരം രൂപയായി വര്‍ദ്ധിപ്പിച്ചു. തമിഴ്‌നാട്ടിലെ അമ്മ ക്യാന്റീന്‍ മാതൃകയില്‍ തുടങ്ങിയ അണ്ണാ എന്‍.ടി.ആര്‍ ക്യാന്റീനും പേര് മാറ്റത്തിന് വിധേയമാകും. ഗുണ്ടൂര്‍ ജില്ലയിലെ ഒരു അണ്ണാ ക്യാന്റീന് രാജണ്ണ ക്യാന്റീന്‍ എന്ന് പേര് നല്‍കിക്കഴിഞ്ഞു. വൈ.എസ്.ആറിനെ ആന്ധ്രക്കാര്‍ വിളിച്ചിരുന്ന മറ്റൊരു പേരാണ് രാജണ്ണ.
ചന്ദ്രബാബുവിന്റെ പേരിലുള്ള ചന്ദ്രണ്ണ വിദ്യാദീപം, ചന്ദ്രണ്ണ സംസ്‌കൃതി കനുക, ചന്ദ്രണ്ണ സഞ്ചാര ചികിത്സ, ചന്ദ്രണ്ണ ബീമ, ചന്ദ്രണ്ണ ചെയുത, ചന്ദ്രണ്ണ വിദേശി വിദ്യാ ദീവാന തുടങ്ങിയ ഒരു ഡസനിലധികം പദ്ധതികളുടെയും പേര് ഉടന്‍ മാറ്റും. അതേസമയം പദ്ധതികളുടെ പേര് മാറ്റുന്നതിനെ എതിര്‍ക്കില്ലെന്ന് ടി.ഡി.പി വ്യക്തമാക്കി.
Post Your Comments