സ്വന്തമെന്നു കരുതിയവര്‍, കൂടെയുണ്ടായിരുന്നവര്‍ നമ്മളെ ചതിച്ചാല്‍ അത് സഹിക്കാനാകില്ല; അന്ന് ബാലഭാസ്‌കർ അങ്ങനെയൊരു കുറിപ്പ് എഴുതിയതെന്തിന്, വെളിപ്പെടുത്തലുമായി പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നിൽ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മുന്‍ മാനേജര്‍മാരുടെ പങ്കു വെളിപ്പെട്ട സാഹചര്യത്തില്‍ ബാലഭാസ്‌കറിന്റെ മരണത്തിലും ദുരൂഹതയേറുന്നു. ബാലഭാസ്‌കറിന്റെ വിദേശയാത്രകള്‍ മറയാക്കി മാനേജര്‍മാരായിരുന്ന വിഷ്ണുവും പ്രകാശ് തമ്പിയും നിരവധി തവണ സ്വര്‍ണ്ണം കടത്തിയെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി ആരോപിച്ചിരുന്നു. ബാലഭാസ്‌കര്‍ മരിക്കുന്നതിന് ആറുമാസം മുൻപാണ് ഇത് കണ്ടെത്തിയത്. ഇതോടെ ബാലു മാനസികമായി അസ്വസ്ഥനായി. കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബാലുവിന് മാനസിക വിഷമം മൂലം സ്റ്റേജിൽ കയറാനായില്ല. തുടർന്ന് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്റ്റേജില്‍ കയറിയെങ്കിലും വയലിന്‍ വായിക്കാന്‍ അദ്ദേഹത്തിനായില്ല. അവസാനം കാണികളോട് സോറി പറഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങുകയായിരുന്നു.

തിരിച്ചെത്തിയ ബാലു തന്റെ ഫേസ്ബുക്കിൽ ഒരു കുറിപ്പ് ഇടുകയുണ്ടായി. ‘സ്വന്തമെന്നു കരുതിയവര്‍, കൂടെയുണ്ടായിരുന്നവര്‍ നമ്മളെ ചതിച്ചാല്‍ അത് സഹിക്കാനാകില്ല. അങ്ങനെ വരുമ്പോള്‍ ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാനാകില്ല. ഇനിയും കൂടുതല്‍ ചതിയിലേക്ക് പോകാന്‍ ഞാനില്ല. തത്കാലം ബാന്‍ഡ് പിരിച്ചുവിടുന്നു’ എന്നായിരുന്നു ബാലഭാസ്‌കറിന്റെ കുറിപ്പ്. വിഷ്ണുവിന്റെയും പ്രകാശ് തമ്പിയുടെയും വഴിവിട്ടുള്ള ഇടപാടുകള്‍ തിരിച്ചറിഞ്ഞതോടെയാണ് ബാലഭാസ്‌കര്‍ അസ്വസ്ഥനായതെന്നാണ് പിതാവ് പറയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പൂജപ്പുര സ്വദേശി സുനില്‍കുമാറിന്റെ ബന്ധുവാണ് പ്രകാശ് തമ്പി. പ്രധാന പ്രതി അഡ്വ. ബിജുവിനെ പ്രകാശിന് പരിചയപ്പെടുത്തിക്കൊടുത്തതും സുനില്‍ കുമാറായിരുന്നു.ബാലഭാസ്‌കര്‍ മരിക്കാനിടയായ വാഹനാപകടത്തിനു പിന്നില്‍ ഇവർക്ക് ബന്ധമുണ്ടോയെന്ന സംശയം ബലപ്പെടുകയാണ്.

Share
Leave a Comment