കോട്ടയം : കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായില്ല. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലാതെ ജോസ് കെ.മാണിയും പി.ജെ.ജോസഫും കടുത്ത നിലപാടിലാണ്. പാര്‍ട്ടി ചെയര്‍മാന്‍ പദവി വേണമെന്ന നിലപാടിലുറച്ചു തുടരുകയാണ് ജോസഫ്, ജോസ് കെ. മാണി പക്ഷങ്ങള്‍. പാര്‍ട്ടിയിലെ തര്‍ക്കം തെരുവിലേക്കു വലിച്ചിഴച്ചതില്‍ പി.ജെ. ജോസഫിനു കടുത്ത അതൃപ്തിയുണ്ട്.
തന്റെ കോലംകത്തിച്ചവരുമായി യോജിച്ചുപോകാനാകില്ലെന്നാണ് ജോസഫിന്റെ നിലപാട്. പി.ജെ. ജോസഫിനെയോ സി.എഫ്. തോമസിനെയോ ചെയര്‍മാനാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം. സി.എഫ്. തോമസ് ചെയര്‍മാനായാല്‍ പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനും നിയമസഭാ നേതാവുമാകും. അതേസമയം ജോസഫ് ചെയര്‍മാനായാല്‍ ജോസ് കെ. മാണി വര്‍ക്കിങ് ചെയര്‍മാനും സി.എഫ്. തോമസ് നിയമസഭാ കക്ഷി നേതാവുമാകും
ചെയര്‍മാന്‍ പദവിയില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്നാണ് ജോസ് കെ. മാണി വിഭാഗവും ഉയര്‍ത്തുന്ന നിലപാട്. വര്‍ക്കിങ് ചെയര്‍മാനാകണമെങ്കില്‍ ചെയര്‍മാന്‍ പദവി ഉറപ്പുകിട്ടണമെന്നും ജോസ് കെ. മാണി പക്ഷം ആവശ്യമുന്നയിക്കുന്നു. ഭരണഘടനാപരമായി പാര്‍ട്ടി ചെയര്‍മാന്റെ അധികാരം തനിക്കാണെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണു പി.ജെ. ജോസഫ് തിരഞ്ഞെടുപ്പു കമ്മിഷനും സ്പീക്കര്‍ക്കും കത്തു നല്‍കിയതെന്നു ജോസ് കെ. മാണി തിരിച്ചടിച്ചു.
Post Your Comments