തിരുവനന്തപുരം : കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള ചരിത്രപരമായ ദൗത്യം എല്ലാവരും ഏറ്റെടുക്കണമെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിത, ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ജൂൺ ഒന്നിന് ഗ്ലോബൽ പാരന്റിംഗ് ഡേ മുതൽ നവംബർ 14 ചിൽഡ്രൻസ് ഡേ വരെ സംഘടിപ്പിക്കുന്ന ‘കരുതൽ സ്പർശം കൈകോർക്കാം കുട്ടികൾക്കായി’ എന്ന മെഗാ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നല്ലൊരു ശതമാനം കുട്ടികളും സ്വന്തം കുടുംബത്തിൽ നിന്നാണ് ദുരിതങ്ങൾ അനുഭവിക്കുന്നത്. കൂട്ടായ്മയിലൂടെ മാത്രമേ കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയാനാകൂ. ഇതിനായി വനിത ശിശുവികസന വകുപ്പ് മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച് വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് അംഗൻവാടികൾ മുഖേന ജൂൺ, ജൂലായ് മാസങ്ങളിൽ പ്രത്യേക സർവേ നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. വളരെയധികം സമയം ചെലവഴിക്കുന്നത് സ്‌കൂളുകളായതിനാൽ കുട്ടികളുടെ മാനസിക ശാരീരിക പ്രയാസങ്ങൾ അധ്യാപകർ തിരിച്ചറിയണം. അധ്യാപകർക്ക് കുട്ടികളുമായി താദാത്മ്യം പ്രാപിക്കാൻ കഴിയണം. സാമൂഹിക പ്രതിബദ്ധതയോടെ കുട്ടികളെ വളർത്തിയെടുക്കാൻ കഴിയണം. തൊടുപുഴയിലും എറണാകുളത്തും ക്രൂരമർദനത്തെ തുടർന്ന് കുട്ടികൾ മരണമടഞ്ഞതിനെ തുടർന്നാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയാൻ എന്തുചെയ്യാൻ കഴിയും എന്നാലോചിച്ചത്. വനിത ശിശുവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, ശിശുക്ഷേമ പ്രവർത്തകർ എന്നിവർ ഒത്തുകൂടി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ മെഗാ ക്യാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സമൂഹത്തിന്റെ ജീർണതയിൽ നിന്നാണ് പലപ്പോഴും ഇവർക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മയക്കുമരുന്നുകളും നവമാധ്യമങ്ങളുടെ ദുരുപയോഗവും എല്ലാം ഇത്തരം അതിക്രമത്തിന് കാരണമാകാറുണ്ട്. ഇവയെല്ലാം ദൂരീകരിക്കാൻ യാന്ത്രികമായി സമീപിച്ചിട്ട് കാര്യമില്ല. വിശാലമായ കാഴ്ചപ്പാടോടെ ഇത് പരിഹരിക്കാനായാണ് അഞ്ചരമാസത്തോളം നീണ്ടുനിൽക്കുന്ന ഇത്തരമൊരു വലിയ പരിപാടി സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിത, ശിശുവികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, യൂണിസെഫ് കേരള, തമിഴ്നാട് ചീഫ് ഡോ. പിനോകി ചക്രവർത്തി, പ്ലാനിംഗ് ബോർഡ് അംഗം ഡോ. മൃദുല ഈപ്പൻ, ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സുരേഷ്, ഐ.സി.പി.എസ്. പ്രോഗ്രാം മാനേജർ സുന്ദരി സി. എന്നിവർ പങ്കെടുത്തു.
Post Your Comments