തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ കോളജ് സുഹൃത്തായിരുന്നു സ്വര്‍ണക്കടത്തുകേസില്‍ അറസ്‌റ്റിലായ വിഷ്‌ണു. ഇയാളാണ് അര്‍ജുനെ ബാലഭാസ്‌ക്കറിനു പരിചയപ്പെടുത്തിയത്. അപകടത്തേത്തുടര്‍ന്ന് അര്‍ജുന്റെ ചികിത്സ നടത്തിയത് വിഷ്‌ണുവാണ്. ആശുപത്രിയില്‍ അര്‍ജുനുവേണ്ടി നല്‍കിയിരിക്കുന്ന വിലാസവും വിഷ്‌ണുവിന്റേതാണ്. ബാലഭാസ്‌കറിന്റെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്‌തിരുന്നതു വിഷ്‌ണുവായിരുന്നു. വിഷ്‌ണു സ്‌ഥിരമായി വിദേശയാത്രകള്‍ നടത്തിയിരുന്നതിന്റെ തെളിവ് ഡി.ആര്‍.ഐ. ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി.
നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ കാന്റീന്‍ നടത്തിയിരുന്ന പ്രകാശ് തമ്പി അവിടെവച്ചാണ് ബാലഭാസ്‌ക്കറുമായി സൗഹൃദത്തിലാകുന്നത്. വിദേശപരിപാടികളുടെ സ്‌പോണ്‍സറായിരുന്ന പ്രകാശ് തമ്പി നിശ്‌ചയിച്ചിരുന്ന തുകയ്‌ക്കായിരുന്നു ബാലഭാസ്‌ക്കറിന്റെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ബാലഭാസ്‌ക്കറിന്റെ സാമ്പത്തികഇടപാടുകളെക്കുറിച്ച് വീട്ടുകാരേക്കാള്‍ അറിയുന്നത് ഇവര്‍ക്കായിരുന്നുവെന്നും വീട്ടില്‍ നിത്യസന്ദര്‍ശകരായിരുന്ന ഇവര്‍ മരണശേഷം വരാറില്ലെന്നും ഫോണില്‍പോലും ബന്ധപ്പെട്ടിട്ടില്ലെന്നും ബാലഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണി പറയുന്നു.
സാമ്പത്തിക കാര്യങ്ങൾ നൽകാനാവില്ലെന്ന് വിഷ്ണു പിതാവിനോട് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തുന്നു. ബാലഭാസ്‌കറിന്റെ സംഗീതപരിപാടികളുടെ സംഘാടകനായ പ്രകാശ് തമ്പി , സുഹൃത്തായ വിഷ്‌ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് അപകടമരണം സംബന്ധിച്ചു കൂടുതല്‍ ദുരൂഹതകളുയരുന്നത്. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്‌മി, അപകടസമയത്തു കാറിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരില്‍നിന്നു വീണ്ടും മൊഴിയെടുക്കും.
2018 സെപ്‌റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്‌ക്കറിന്റെ ഇന്നോവ കാര്‍ മരത്തിലിടിച്ചത്. അപകടത്തില്‍ രണ്ടു വയസുകാരിയായ മകള്‍ തേജസ്വിനി ബാലയും പിന്നീട് ചികിത്സയില്‍ കഴിയവേ ബാലഭാസ്‌ക്കറും മരിച്ചു. ലക്ഷ്‌മിയും അര്‍ജുനും ഏറെനാള്‍ ചികിത്സയിലായിരുന്നു. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണോ ബാലഭാസ്‌കറാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്‌തത വന്നിട്ടില്ല. കാറോടിച്ചിരുന്നത് ബാലഭാസ്‌ക്കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍ ദീര്‍ഘനാളത്തെ ചികിത്സയ്‌ക്കുശേഷം ജീവിതത്തിലേക്കു തിരിച്ചുവന്ന ലക്ഷ്‌മി നല്‍കിയ മൊഴി കാര്‍ ഓടിച്ചത് അര്‍ജുനാണെന്നാണ്.
അപകടത്തിനു തൊട്ടുമുമ്പ് ബാലഭാസ്‌കര്‍ എവിടെ എത്തിയെന്നറിയാന്‍ തുടരെ ഫോണ്‍കോളുകള്‍ വന്നിരുന്നുവെന്ന് ബന്ധുക്കള്‍ തുടക്കംമുതല്‍ പറയുന്നുണ്ട്. ചിലത് അജ്‌ഞാത നമ്പറുകളില്‍നിന്നായിരുന്നു. തൃശൂരില്‍ ക്ഷേത്രസന്ദര്‍ശനത്തിനുപോയ ബാലഭാസ്‌കറും കുടുംബവും രാത്രി താമസിക്കാന്‍ അവിടെ മുറി ബുക്ക് ചെയ്‌തിരുന്നു. എന്നിട്ടും അന്നുരാത്രിതന്നെ കുഞ്ഞുമായി യാത്രചെയ്യാന്‍ തയാറായത് ദുരൂഹമാണെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. അപകടം ഉണ്ടായശേഷം കാറിന്റെ മുന്‍വശത്തെ രക്‌തപ്പാടുകള്‍ ആരോ തുടച്ചുമാറ്റിയതായി ദൃക്‌സാക്ഷി ബന്ധുക്കളെ അറിയിച്ചിരുന്നു.
ദുരൂഹത ഉണ്ടാക്കുന്ന ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്‌ഥരെ അറിയിച്ചിരുന്നതായും അന്വേഷണത്തില്‍ തൃപ്‌തിയുണ്ടെന്നും പിതാവ് ഉണ്ണി പറഞ്ഞു. പാലക്കാട്ട് ഒരു ഡോക്‌ടറുമായി ബാലഭാസ്‌കര്‍ നടത്തിയ സാമ്പത്തികഇടപാടിലും ബന്ധുക്കള്‍ക്ക് സംശയങ്ങളുണ്ട്. ബാലഭാസ്‌കര്‍ വലിയൊരു തുക ഡോക്‌ടര്‍ക്ക് നല്‍കിയിരുന്നുവെന്നും ഇതു തിരികെചോദിച്ച സമയത്താണ് അപകടമുണ്ടായതെന്നും ബന്ധുക്കള്‍ സംശയങ്ങളുയര്‍ത്തിയിരുന്നു. ആശുപത്രി ഉടമയുമായി ബാലഭാസ്‌കറിനുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണസംഘത്തിന് വ്യക്‌തമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും വിഷ്‌ണുവിനും പ്രകാശ് തമ്ബിക്കും ഇയാളുമായി അടുപ്പമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രി ഉടമയുടെ നിര്‍ദേശപ്രകാരം വിഷ്‌ണു സ്‌ഥിരമായി വിദേശയാത്ര ചെയ്യാറുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ബാലഭാസ്‌കറിന്റെ മരണത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടര്‍ന്നാണ് അപകടം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നുമില്ലാതിരിക്കുമ്പോഴാണ് മേയ് 12ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 25 കിലോ സ്വര്‍ണം പിടിച്ചതിനെക്കുറിച്ചുള്ള അന്വേഷണം ബാലഭാസ്‌കറിന്റെ പഴയ സുഹൃത്തുക്കിലെത്തുന്നതും അവരുടെ ദുരൂഹഇടപാടുകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതും. എന്നാല്‍ ഇവര്‍ക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ലക്ഷ്‌മി രംഗത്തെത്തിയിരുന്നു.
Post Your Comments