ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായിരിക്കെ പ്രതിരോധ, ധനവകുപ്പുകള്‍ അധികച്ചുമതലയായി വഹിച്ചിട്ടുണ്ട് ഇന്ദിരാ ഗാന്ധി. പൂര്‍ണസമയ പ്രതിരോധ മന്ത്രിയായ ആദ്യ വനിതയെന്ന ഖ്യാതിയില്‍നിന്ന് പൂര്‍ണസമയ ധനമന്ത്രിയാകുന്ന ആദ്യ വനിതയെന്ന നേട്ടത്തിലേക്കാണു നിര്‍മല സീതാരാമന്റെ വരവ്. ഒപ്പം കമ്പനികാര്യ മന്ത്രാലയത്തിന്റെ ചുമതലയുമുണ്ട്.
പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനു വലിയൊരു മേല്‍നോട്ടം നിര്‍മലയ്ക്കുണ്ടായിരുന്നു; പ്രതിരോധമന്ത്രിയെന്ന നിലയിലും കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയംഗം എന്ന നിലയിലും. ബി.ജെ.പി. അധികാരം നിലനിര്‍ത്തിയതില്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനു വലിയൊരു പങ്കുണ്ടായിരുന്നു. അതിനുള്ള അംഗീകാരമെന്ന നിലയില്‍ കിട്ടിയ സ്ഥാനക്കയറ്റത്തിലും വലിയ വെല്ലുവിളിയാണു നിര്‍മലയെ കാത്തിരിക്കുന്നത്.
മോദി സര്‍ക്കാരിന്റെ രണ്ടാംഘട്ട സാമ്പത്തിക പരിഷ്കാരത്തിനു ചുക്കാന്‍ പിടിക്കുക.വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് പുതിയ മന്ത്രിസഭയിലില്ലാത്ത നിലയ്ക്ക്, സുരക്ഷാകാര്യ സമിതിയിലെ ഏക വനിത കൂടിയാണു നിര്‍മല. പുതിയ സര്‍ക്കാരിലെ ഏറ്റവും മുതിര്‍ന്ന വനിതയും അവരാണ്. സാമ്ബത്തിക ശാസ്ത്രത്തില്‍ തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളജില്‍നിന്നു ബിരുദവും ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്നുള്ള എം.ഫില്ലുമുണ്ട് നിര്‍മലയ്ക്ക്.
ലണ്ടനില്‍ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയേഴ്സ് അസോസിയേഷനിലെ ഇക്കണോമിസ്റ്റിന്റെ അസിസ്റ്റന്റായിരുന്നു. പിന്നീട് രാജ്യാന്തര ഓഡിറ്റ് സ്ഥാപനമായ പ്രൈസ്വാട്ടര്ഹൗസില് സീനിയര്‍ മാനേജരായി. കുറച്ചുകാലം ബി.ബി.സി. വേള്‍ഡിലും ജോലി ചെയ്തു. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം െഹെദരാബാദിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി സ്റ്റഡീസില്‍ ഡെപ്യൂട്ടി ഡയറക്ടറായി. പാര്‍ണവ എന്ന സ്കൂളിനു തുടക്കമിട്ടു. ദേശീയ വനിതാ കമ്മിഷന് അംഗമായി. ബി.ജെ.പിയില്‍ ദേശീയ എക്സിക്യൂട്ടിവ് അംഗവും ദേശീയ വക്താവുമായി.
കഴിഞ്ഞ മോഡി സര്‍ക്കാരില്‍ ആദ്യം വാണിജ്യ-വ്യവസായ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു. പിന്നീടാണു പ്രതിരോധ മന്ത്രിയായത്. കേരള-തമിഴ്നാട് തീരത്ത് ഓഖി ദുരന്തബാധിതരെ സഹാനുഭൂതിയോടെ ചേര്‍ത്തുപിടിച്ച അവര്‍, റഫാല്‍ വിഷയത്തില്‍ സര്‍ക്കാരിനുവേണ്ടി പ്രതിപക്ഷത്തിനെതിരേ പട നയിച്ചു. ഇതിനിടെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ നിര്‍മ്മല സീതാരാമനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന. ഇന്ദിരാ ഗാന്ധിക്ക് ശേഷം ധനകാര്യ മന്ത്രിയാകുന്ന നിര്‍മ്മല സീതാരാമനെ ട്വിറ്റിലൂടെയാണ് ദിവ്യ സ്പന്ദന അഭിനന്ദിച്ചത്.
സമ്പദ് വ്യവസ്ഥയെ തിരിച്ച് പിടിക്കാന്‍ താങ്കള്‍ക്ക് സാധിക്കുമെന്നും ഞങ്ങള്‍ ഒപ്പമുണ്ടെന്നുമാണ് ദിവ്യയുടെ ട്വീറ്റ്. അഭിനന്ദനവും വിമർശനവും ഒരുമിച്ചാണ് അവർ നൽകിയത്. ‘അഭിനന്ദനങ്ങള്‍, മുന്‍പ് ഒരു സ്ത്രീ മാത്രം കൈകാര്യം ചെയ്ത പദവി ഏറ്റെടുത്തതിന്. 1970ല്‍ ഇന്ദിരാ ഗാന്ധി സ്ത്രീകള്‍ക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ചു. ജി.ഡി.പി ഇപ്പോള്‍ നല്ല നിലയിലല്ല.എനിക്ക് ഉറപ്പുണ്ട് നിങ്ങള്‍ക്കത് തിരിച്ച് പിടിക്കാന്‍ കഴിയും, ഞങ്ങളുടെ പിന്തുണയുണ്ട്. എല്ലാവിധ ആശംസകളും’-ദിവ്യ കുറിച്ചു.
Post Your Comments