തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടുന്ന കാര്യത്തില്‍ സി.പി.എം. സംസ്‌ഥാനസമിതി തികഞ്ഞ പരാജയമായെന്നും ഇക്കാര്യം പരിശോധിക്കാന്‍ സമിതി രൂപീകരിക്കുമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ ദിവസം നടന്ന സംസ്‌ഥാനസമിതി യോഗത്തിലായിരുന്നു യെച്ചൂരിയുടെ രൂക്ഷവിമര്‍ശനം. ഉറച്ച സീറ്റുകളില്‍ ഉള്‍പ്പെടെ തോറ്റതിന്റെ കാരണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറിമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. അതിനു പിന്നാലെയായിരുന്നു യെച്ചൂരിയുടെ രൂക്ഷവിമര്‍ശനം.
ന്യൂനപക്ഷ വോട്ടും ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ഹൈന്ദവ വോട്ടും ഏകീകരിക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇന്നലെ രാത്രി എട്ടിന് അവസാനിച്ച സംസ്‌ഥാനസമിതി യോഗവും ഇതു സാധൂകരിക്കാനാണു ശ്രമിച്ചത്. കേരളത്തിലെ പരാജയം കേന്ദ്രസമിതി പരിശോധിക്കും. പാര്‍ട്ടിയുടെ ദേശീയാംഗീകാരം പോലും കേരളരാഷ്‌ട്രീയത്തെ ആശ്രയിച്ചാണിപ്പോള്‍. അതു സംസ്‌ഥാനസമിതി അംഗങ്ങള്‍ക്കു ബോധ്യമാകണമെന്നും യെച്ചൂരി പറഞ്ഞു.
ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യാനുള്ള സി.പി.എം. പ്രചാരണം കോണ്‍ഗ്രസിന് അനുകൂലമായെന്നു സംസ്‌ഥാനസമിതിയില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ ആശയങ്ങള്‍ വിശ്വാസികളെല്ലാം ഉള്‍ക്കൊണ്ടില്ല. അതാണു വോട്ടില്‍ പ്രതിഫലിച്ചത്. ഇതു പുനഃപരിശോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജില്ലാ കമ്മിറ്റികളോടു പ്രാഥമിക റിപ്പോര്‍ട്ടും ബ്രാഞ്ച് കമ്മിറ്റി ഉള്‍പ്പെടെ കീഴ്‌ഘടകങ്ങളോടു വോട്ട് ചോര്‍ച്ച സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും സംസ്‌ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments