ഉരുകി തീര്‍ന്നാല്‍ ചുവന്ന ഗ്രഹത്തെ മുഴുവനായും അഞ്ച് അടി ഉയരത്തില്‍ മുക്കാന്‍ ശേഷിയുള്ള മഞ്ഞ് നിക്ഷേപം കണ്ടെത്തി. ഭൂമിയിലെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞിനെ അപേക്ഷിച്ച് ചുരുങ്ങിയതും മെഴുകു രൂപത്തിലുമാണ് ഇതുള്ളത്. നാസയുടെ ചൊവ്വാ നിരീക്ഷണ വാഹനത്തിന്റെ ഈ കണ്ടെത്തല്‍ വലിയ അദ്ഭുതത്തോടെയാണ് ശാസ്ത്രലോകം സ്വീകരിച്ചിരിക്കുന്നത്. ഇത്രയേറെ വലിയ മഞ്ഞുശേഖരം ചൊവ്വയില്‍ കണ്ടെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ടെക്‌സാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗിയോഫിസിക്‌സ് സര്‍വകലാശാലയിലെ റിസര്‍ച്ചര്‍ സ്റ്റെഫാനോ നെറോസി വ്യക്തമാക്കുന്നത്.
ചൊവ്വയുടെ ധ്രുവപ്രദേശങ്ങളിലാണ് ഈ വന്‍ ഹിമനിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഹിമയുഗത്തില്‍ ഉണ്ടായ മഞ്ഞ് നിക്ഷേപം ധ്രുവപ്രദേശങ്ങളില്‍ ശേഖരിക്കപ്പെടുകയും ചൂടിനെയും റേഡിയേഷനേയും അതിജീവിക്കുകയും ചെയ്തുവെന്നാണ് ഗവേഷകരുടെ നിഗമനം. ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ബഹിരാകാശ ഏജന്‍സികളും കമ്പനികളും വ്യാപകമായി നടത്തുന്നതിനിടയിലെ ഈ കണ്ടെത്തല്‍ നിര്‍ണ്ണായകമാകുമെന്നാണ് സൂചന.
Post Your Comments