പത്തനംതിട്ട : ഓടുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച ബസിന്റെ ടയർ ഇളകിത്തെറിച്ചു. സംഭവം കണ്ട കടയുടമ ബഹളം വച്ച് ബസ് നിർത്തിച്ചതിനാൽ ഒഴിവായത് വൻദുരന്തം. ടയർ ഇളകി വീട്ടുമുറ്റത്തേക്ക് എത്തുന്നത് കണ്ട വീട്ടമ്മ ഒഴിഞ്ഞുമാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
3 ദിവസം മുൻപ് ഗതാഗത വകുപ്പിന്റെ മൺസൂൺകാല പരിശോധന കഴിഞ്ഞ് വീണ്ടും പരിശോധനയ്ക്ക് എത്തണമെന്നു പറഞ്ഞ് തിരിച്ചയച്ച വാഹനമാണിത്. അപകടത്തിന് ശേഷം നടത്തിയ പരിശോധനയിൽ ബസിന്റെ അടുത്ത ടയറും ഇളകി തെറിക്കാവുന്ന നിലയിലായിരുന്നു.ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. വള്ളിക്കോട് കോട്ടയത്തു നിന്ന് പത്തനംതിട്ടയിലേക്കു 38 വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന്റെ പിന്നിലെ ടയറിൽ ഒന്നാണ് പുതുപ്പറമ്പിൽ ജംക്‌ഷനിൽ വച്ച് ഇളകിത്തെറിച്ചത്.
ബസിൽനിന്ന് ഇളകിയ ടയർ നിരത്തോരത്തെ വിജയമംഗലം സുരേന്ദ്രന്റെ വീട്ടുമുറ്റത്തേക്കാണു പാഞ്ഞുചെന്നത്. വീട്ടിൽ നിന്നു പുറത്തേക്കു വന്ന വീട്ടമ്മ ബീന ടയർ വരുന്നത് കണ്ട് ഒഴിഞ്ഞു മാറി. തൊട്ടടുത്തുള്ള കടയുടമ പ്രകാശാണ് ബഹളമുണ്ടാക്കി വാഹനം നിർത്തിച്ചത്.
Post Your Comments