KeralaLatest News

നിര്‍ബന്ധിച്ച് വിവാഹം നടത്താനൊരുങ്ങി വീട്ടുകാര്‍: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍

പാണ്ടിക്കാട് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചാണ് പെണ്‍കുട്ടി ആദ്യം പരാതി പറഞ്ഞത്

മലപ്പുറം: വീട്ടുകാര്‍ തന്നെ നിര്‍ബന്ധിച്ച് കല്ല്യാണ് കഴിപ്പിക്കുകയാണെന്നാരോപിച്ച് പതിനേഴുകാരി ചൈല്‍ഡ്ലൈനിനെ സമീപിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയും പ്ലസു വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയാണ് പരാതിയുമായി ചൈല്‍ഡ്ലൈന്‍ ഓഫീസിലെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത തന്നെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുന്നുവെന്നും പഠിച്ച് വക്കീലായതിനുശേഷം മതി കല്യാണമെന്നും പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ ശിശുസംരക്ഷണ സമിതിയില്‍ ഹാജരാക്കി. സമിതിയുടെ നിര്‍ദേശപ്രകാരം കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

പാണ്ടിക്കാട് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചാണ് പെണ്‍കുട്ടി ആദ്യം പരാതി പറഞ്ഞത്. തുടര്‍ന്ന് കുട്ടിക്ക് ചൈല്‍ഡ്ലൈനുമായി ബന്ധപ്പെടാന്‍ നമ്പര്‍ നല്‍കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു.

പിതാവ് മരിച്ചതിനെത്തുടര്‍ന്ന് മാതാവ് വീണ്ടും വിവാഹം കഴിച്ചു. മാതാവിന്റെ വീട്ടിലാണ് കുട്ടി താമസിക്കുന്നത്. എസ്.എസ്.എല്‍.സി. വരെ ഒരു യത്തീംഖാനയുടെ ഹോസ്റ്റലില്‍നിന്നാണ് പഠിച്ചിരുന്നത്. പിന്നീട് മറ്റൊരു സ്‌കൂളിലേക്ക് മാറുകയായിരുന്നു. കുട്ടിക്ക് വരുന്ന സെപ്റ്റംബറില്‍ 17 വയസ്സ് തികയുകയേ ഉള്ളൂ.

എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ വീട്ടുകാര്‍ കുട്ടിയുടെ സമ്മതമില്ലാതെ തന്നെ നിക്കാഹ് നടത്തി. ഈയിടെയായി പഠിത്തം നിര്‍ത്തി കല്യാണത്തിന് നിര്‍ബന്ധിക്കാനും തുടങ്ങിയതോടെയാണ് കുട്ടി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്നത്.

താന്‍ താമസിക്കുന്നത് മുത്തശ്ശിയുടെ വീട്ടിലാണ്. അമ്മാവന്‍മാരുടെ സഹായത്താലാണ് ജീവിക്കുന്നത്. ഒരു ജോലി കിട്ടിയാല്‍ സഹായത്തിന് ആരുടെമുന്നിലും കൈനീട്ടാതെ ജീവിക്കാമല്ലോ അതുകൊണ്ടാണ് പഠിക്കണമെന്ന് ആഗ്രഹിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button