Latest NewsKerala

എൻജിനിയറിങ് വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യം വളർത്തിയെടുക്കണം- മന്ത്രി കെ.ടി. ജലീൽ

ഇന്റേൺഷിപ്പ് പോർട്ടലിന് തുടക്കം കുറിച്ചു

തിരുവനന്തപുരം : എൻജിനിയറിങ് കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സർട്ടിഫിക്കറ്റ് മാത്രമല്ല തൊഴിൽ ചെയ്ത് ജീവിതമാർഗ്ഗം കണ്ടെത്താനുള്ള പ്രാവീണ്യം കൂടി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീൽ. തിരുവനന്തപുരത്ത് അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ വിദഗ്ധരുടേയും വ്യവസായ പ്രമുഖരുടേയും ശില്പശാല ബ്രിഡ്ജ്-2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടലാസിലെ ബിരുദം നേടിയിട്ട് കാര്യമില്ല. നൈപുണ്യം കൂടി ആർജിക്കണം. ഇതിന്റെ അപര്യാപ്തത മൂലമാണ് തൊഴിൽ മേഖലയിൽ വിദ്യാർത്ഥികൾ പിന്തള്ളപ്പെട്ടു പോകുന്നത്. സ്വന്തമായി വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ പോലുമുള്ള ധൈര്യം അവർക്ക് ആർജിക്കാനാകുന്നില്ല. ഈ സ്ഥിതി മാറണം. കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണം. ഓരോ പ്രദേശത്തെയും എൻജിനിയറിങ് കോളേജുകൾക്ക് ആ പ്രദേശത്തെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാനാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തണം. എൻജിനിയറിങ് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യേണ്ടി വരുന്നു. തൊഴിൽ അന്വേഷകരായല്ല തൊഴിൽ ദാതാക്കളായി നമ്മുടെ യുവാക്കളെ മാറ്റാനാകണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കും എൻജിനിയറിങ്-പോളിടെക്നിക് വിദ്യാർത്ഥികൾക്കും തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും പുതിയ തൊഴിൽ മേഖലകളിൽ വൈദഗ്ദ്ധ്യം നൽകുന്നതിനുമായി അസാപ് പുതിയ ഇന്റേൺഷിപ്പ് പോർട്ടലിനും തുടക്കം കുറിച്ചു. ഇന്റേൺഷിപ്പ് പോർട്ടലും അനുബന്ധ സേവനങ്ങളും ഏകോപിപ്പിക്കുന്നതിന് ഫോർത്ത് ആംബിറ്റ് എന്ന സേവന ദാതാവിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്റേൺഷിപ്പിന് അവസരമുള്ള വ്യവസായ ശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ഓൺലൈനായി പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. പോർട്ടലിൽ ലഭ്യമായ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താനാകും. ഇന്റേൺഷിപ്പ് ഫലപ്രദമായി പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് കേരള സാങ്കേതിക സർവകലാശാലയും അസാപ്പുമായി ധാരണയിൽ എത്തിയിട്ടുണ്ട്. ഇന്റേൺഷിപ്പ് കാലയളവിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും മൂല്യനിർണയം നടത്തി സർട്ടിഫിക്കറ്റ് നൽകാനുമുള്ള ക്രമീകരണങ്ങളായിട്ടുണ്ട്.

ശില്പശാല ഉദ്ഘാടന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അദീല അബ്ദുള്ള, അസാപ് അഡീഷണൽ സെക്രട്ടറി റീത എസ്. പ്രഭ തുടങ്ങിയവർ സംസാരിച്ചു. ഇന്റേൺഷിപ്പിൽ വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് വിദഗ്ധരുടെ അവതരണവും നടന്നു. ഐ.ബി.എം. ഡയറക്ടർ ഡോ. സുബ്രമണി രാമകൃഷ്ണൻ, എ. പി. ജെ. അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ എം. എസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സി. ഇ. ഒ. ഡോ. ഗോപിനാഥ്, ടെറുമോ പെൻപോൾ സ്ഥാപകൻ സി. ബാലഗോപാൽ, എച്ച്. എൽ. എൽ ലൈഫ് കെയർ ലിമിറ്റഡ് മുൻ ചെയർമാൻ ഡോ. എം. അയ്യപ്പൻ എന്നിവർ വിഷയാവതരണം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button