ന്യൂ ഡൽഹി : രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളിൽ സഹമന്ത്രിയായി ചുമതലയേറ്റു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരൻ പ്രവർത്തിക്കുക. പ്രഹ്ളാദ് ജോഷിയാണ് പാർലമെന്ററികാര്യ മന്ത്രി. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് വി മുരളീധരന് പാര്‍ലമെന്റില്‍ എത്തിയത്. കേരളത്തിലെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. സംഘടനാ തലത്തിൽ വലിയ ബന്ധമുള്ള വി മുരളീധരൻ ഏറെ കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്ന് വി മുരളീധരൻ പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞിരുന്നു. ഉത്സവ സമയത്തെ നിരക്ക് വർദ്ധനക്ക് പരിഹാരമുണ്ടാക്കാൻ തന്നാലാവുന്ന രീതിയിൽ ഇടപെടും. പ്രവാസി വോട്ടുൾപ്പെടെയുള്ള കാര്യങ്ങളിൽ പഠിച്ച ശേഷം നിലപാടെടുക്കും. എറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും, വിവിധ രാജ്യങ്ങളിലെയും പ്രശ്നങ്ങൾ പലവിധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments