ഭുവനേശ്വര്‍: ഒഡീഷയിലെ ബലാസോര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോടീശ്വരനായ ബിജെഡി സ്ഥാനാര്‍ഥി രബീന്ദ്ര ജെനയെ 12,956 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 64 കാരനായ പ്രതാപ് ചന്ദ്ര സാരംഗി ചരിത്ര വിജയം സ്വന്തമാക്കിയത്. രാജ്യത്തിന്റെ ഉന്നമനവും ഗ്രാമങ്ങളുടെ വികസനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാരംഗി രണ്ട് തവണ ഒഡീഷ നിയമസഭയില്‍ അംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഈ സ്വയംസേവകന് സ്വന്തമായുള്ളത് ഒരു കുടിലും സൈക്കിളും മാത്രം.
ലാളിത്യത്തിന്‍റെ പ്രതികമായി അനുയായികള്‍ വിശേഷിപ്പിക്കുന്ന സാരംഗിയെ ഒഡീഷ മോദി എന്നാണ് വിളിക്കുന്നത്. എസ്.യുവികളും വാഹനവ്യൂഹങ്ങളൊന്നുമില്ലാതെ സൈക്കിളിലും നടന്നുമാണ് വോട്ടര്‍മാരെ കണ്ട് അദ്ദേഹം വോട്ടുതേടിയത്. പ്രചരണപര്യടനമാവട്ടെ ഓട്ടോറിക്ഷയിലും സൈക്കിളിലുമായിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്ലാ സന്നാഹങ്ങളും ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും സന്തോഷപൂര്‍വ്വം നിരസിക്കുകയായിരുന്നു. സാരംഗി എന്ന യോഗിയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തിനുളള അംഗീകാരമാണ് അദ്ദേഹത്തിന്റെ തിളക്കമാര്‍ന്ന വിജയം.
ഒഡീഷയിലെ ഗ്രാമങ്ങളുടെ വികസനത്തിന് വേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിച്ചതിന് ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ അംഗീകാരമാണ് എംപി സ്ഥാനം. ചെറുപ്പത്തില്‍ തന്നെ ആത്മീയതയില്‍ തല്‍പ്പരനായ ഇദ്ദേഹം ഭാരതത്തെ മാതാവായി കണ്ടാണ് സേവനം ആരംഭിച്ചത്. പാവപ്പെട്ട ഗ്രാമങ്ങളിലെ കുട്ടികള്‍ക്കായി വിദ്യാലയങ്ങള്‍ തുടങ്ങി. നൂറിലധികം സ്‌കൂളുകളാണ് സാരംഗി സ്ഥാപിച്ചത്.
തുടര്‍ന്ന് സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കു രൂപം നല്‍കിയ അദ്ദേഹം കളളപ്പണത്തിനും മദ്യത്തിനും എതിരെയുള്ള പ്രചാരണത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. അവിവാഹിതനായ സാരംഗി മാതാവിനൊപ്പം ഓലക്കുടിലിലായിരുന്നു താമസം . കഴിഞ്ഞ വര്‍ഷം മാതാവ് മരണപ്പെട്ടതോടെ കുടിലില്‍ ഏകനായി. ആദിവാസി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന സാരംഗിക്ക് വന്‍ ജനപിന്തുണയാണുള്ളത്.
Post Your Comments