ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ കാബിനറ്റില്‍ ആറു വനിതാ മന്ത്രിമാര്‍. നിര്‍മല സീതാരാമന്, സ്മൃതി ഇറാനി, ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവര്‍ കാബിനറ്റ് പദവിയോടെ മന്ത്രിമാരായപ്പോള്‍, സാധ്വി നിരഞ്ജന് ജ്യോതി, രേണുക സിംഗ്, ദേബോശ്രീ ചൗധരി എന്നിവര്‍ സഹമന്ത്രിമാരായി. നിര്‍മല സീതാരാമന് തമിഴ്നാട്ടിലെ മധുര സ്വദേശിനിയാണ്. 2008-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 2010-2014 കാലത്ത് ബിജെപി വക്താവ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള നിര്‍മല 2014-ല്‍ ആന്ധ്രയില്‍നിന്നു രാജ്യസഭയിലെത്തി.
2014-ല്‍ മോദി സര്‍ക്കാരില്‍ സഹമന്ത്രിയായി ചുമതലയേറ്റു. 2017ല്‍ കാബിനറ്റ് റാങ്കോടെ പ്രതിരോധ മന്ത്രിയായി. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വീഴ്ത്തിയ പ്രൗഢിയോടെ പാര്‍ലമെന്റില്‍ എത്തിയ സ്മൃതി ഇറാനി, ഒന്നാം മോദി സര്‍ക്കാരിലും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. 2014-ല്‍ ബിജെപി സര്‍ക്കാരിലെ ഏറ്റവും പ്രായംകുറഞ്ഞ കാബിനറ്റ് മന്ത്രിയായിരുന്നു സ്മൃതി. ടെലിവിഷന്‍ താരമായിരുന്ന സ്മൃതി ഇറാനി ഡല്‍ഹിയിലാണു ജനിച്ചത്. ഗുജറാത്തില്‍നിന്നു രാജ്യസഭയിലെത്തി. 2014-ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയോടു തോറ്റു.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തോറ്റു. ഇക്കുറി രാഹുലിനെ വീഴ്ത്തിയ സ്മൃതിക്ക് പ്രധാന വകുപ്പ് ലഭിക്കുമെന്നു കരുതപ്പെടുന്നു.ഭട്ടിന്ഡയില്നിന്നുള്ള എംപിയായ ഹര്‍സിമ്രത് കൗര്‍ ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബിര്‍ സിംഗ് ബാദലിന്റെ ഭാര്യയാണ് ഇവര്‍. ഹര്‍സിമ്രതും സുഖ്വീറുമാണ് പഞ്ചാബില്‍നിന്ന് അകാലി ടിക്കറ്റില്‍ വിജയിച്ചത്. പഞ്ചാബ് ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. സാധ്വി നിരഞ്ജന് ജ്യോതി കഴിഞ്ഞ മോദി സര്‍ക്കാരിലും സഹമന്ത്രിയായിരുന്നു.
ഛത്തിസ്ഗഡില്‍നിന്നുള്ള ആദിവാസി നേതാവാണ് രേണുക സിംഗ്. രമണ്‍ സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. പാര്‍ലമെന്റിലെ ആദ്യ അവസരത്തില്‍തന്നെ ദേബോശ്രീയ്ക്കു മോദി മന്ത്രി സ്ഥാനം നല്കി. മമത ബാനര്‍ജിയുടെ തട്ടമായ ബംഗാളില്‍നിന്നുള്ള ബിജെപി പ്രതിനിധിയാണ് ദെബോശ്രീ.
Post Your Comments