മുംബൈ : സിനിമാ ചിത്രീകരണത്തിനിടയില്‍ ഒന്ന് പുകയ്ക്കാനായി പുറത്തിറങ്ങിയതായിരുന്നു ബല്‍റാമും അര്‍ബ്ബാസും. എന്നാല്‍ സിനിമയില്‍ എക്‌സ്ട്രാ നടന്‍മാരായി അഭിനയിക്കുന്ന ഇരുവരെയും പോലീസ് കയ്യോടെ പൊക്കി. പുകവലിച്ചതിനല്ല ഇരുവരും പിടിയിലായത് എന്നതാണ് ഏറെ രസകരമായ കാര്യം. ഹൃത്വിക് റോഷനും ടൈഗര്‍ ഷെറഫും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ ഭീകരരുടെ വേഷത്തിലായിരുന്നു ഇരുവരും അഭിനയിച്ചുകൊണ്ടിരുന്നത്.
മേക്കപ്പും വേഷവുമൊന്നും അഴിക്കാതെ പുറത്തിറങ്ങിയതാണ് രണ്ടിപേരെയും വെട്ടിലാക്കിയത്. ഹൃത്വിക് റോഷനും ടൈഗര്‍ ഷെറഫും പ്രധാന റോളുകളിലെത്തുന്ന യഷ് രാജ് ഫിലിംസിന്റെ സിനിമാ ലൊക്കേഷനിലായിരുന്നും സംഭവം. ബല്‍റാമിനേും അര്‍ബാസിനേയും പിടികൂടിയത് ചെറിയ ഓപ്പറേഷനിലൊന്നും ആയിരുന്നില്ല. ‘ഭീകരര്‍’ ഇറങ്ങിയിട്ടുണ്ടെന്ന വാര്‍ത്ത അറിഞ്ഞയുടന്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് സ്റ്റേഷനുകളിലെ പൊലീസ് സേനയും തീര സംരക്ഷണ സേനയും സംയുക്തമായി ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് ഇരുവരേയും പിടികൂടിയത്.
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ഇരുവരേയും പൊക്കിക്കഴിഞ്ഞതിന് ശേഷമാണ്, പ്രതികള്‍ ഭീകരരല്ല, ദിവസക്കൂലിക്ക് അഭിനയിക്കാന്‍ വന്ന നടന്‍മാരാണെന്ന് പൊലീസിന് മനസിലായത്. പഞ്ചവടി നാക പ്രദേശത്ത് വച്ച് അനില്‍ മഹാജന്‍ എന്ന വിമുക്തഭടനായ എടിഎം സെക്യൂരിറ്റി ഗാര്‍ഡാണ് ഇവരെ ആദ്യം കണ്ടത്. അനില്‍ മഹാജന്റെ സഹോദരന്‍ ഉടന്‍ തന്നെ ഇക്കാര്യം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചു. ഒരു ഭീകരന്‍ സിഗരറ്റ് വാങ്ങുന്നതും വേറൊരു ഭീകരന്‍ കാത്തുനില്‍ക്കുന്നതും കണ്ടെന്നായിരുന്നു രഹസ്യവിവരം.
ഇവര്‍ വന്ന വാനിന്റെ നമ്പര്‍ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലെല്ലാം വിളിച്ചറിയിച്ചു. സമീപമുള്ള ഏഴ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ പട്രോളിംഗ് അടക്കമുള്ള എല്ലാ ജോലികളും നിര്‍ത്തിവച്ച് സംയുക്തമായി ഭീകരര്‍ക്കായി തെരച്ചില്‍ തുടങ്ങി. സംഭവം നടന്നത് തീരപ്രദേശത്ത് ആയതുകൊണ്ട് തീരസംരക്ഷണ സേനയും ‘ഓപ്പറേഷനില്‍’ പങ്കാളികളായി. എന്തു തന്നെയായലും വിവരമറിഞ്ഞ എല്ലാവരും പോലീസിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയാണ്
Post Your Comments