അഞ്ജു പാര്‍വതി പ്രഭീഷ്
2014-ല്‍ മോദിയെന്ന മനുഷ്യൻ അധികാരത്തിലേറിയപ്പോൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന വികാരം വിദ്വേഷവും വെറുപ്പും മാത്രമായിരുന്നു.നരേന്ദ്രമോദിയെന്ന ഈ പേര് കേട്ടുതുടങ്ങിയത് എന്നു മുതൽക്കാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും,ഒരിക്കല്‍ ഞാന്‍ പഠിപ്പിച്ചിരുന്ന തിരുവനന്തപുരത്തെ സാന്ദീപനി സ്കൂളിലെ ഒന്‍പതാംക്ലാസ്സുകാരനായ ഒരു കുട്ടിയുടെ പ്രസംഗത്തില്‍ ഈ പേര് മുഴങ്ങി കേട്ടത് വ്യക്തമായും ഓർമ്മയിലുണ്ട്.ഗുജറാത്തിലെ “കച്ച്” പ്രവിശ്യയില്‍ നിന്നും പുതുതായിട്ട് ആ സ്കൂളില്‍ ചേര്‍ന്ന കുട്ടിയായിരുന്നു അവന്‍.’കച്ച് മുസ്ലീം വിഭാഗത്തില്‍പ്പെട്ട ആ കുട്ടി അന്ന് പ്രസംഗിച്ചത് ഏറെയും അവിടുത്തെ വ്യത്യസ്തമായ ജീവിതരീതിയെക്കുറിച്ചും വികസനങ്ങളെക്കുറിച്ചും നരേന്ദ്രമോഡിയെന്ന മികച്ചഭരണാധികാരിയെക്കുറിച്ചും ആയിരുന്നുവെങ്കിലും എന്റെ മനസ്സില്‍ ഉറച്ചിരുന്ന കലാപവും ശൂലവും ഭ്രൂണവും ഗര്‍ഭിണിയുമെല്ലാം തന്നെ അന്നത്തെ ആ കുട്ടിയുടെ പ്രസംഗത്തോട് കോൺഗ്രസ്സിനോട് വല്ലാത്ത ആഭിമുഖ്യമുള്ള എന്നെ ഒട്ടും അടുപ്പിച്ചിരുന്നില്ല. മോദിയെന്ന പേര് കേള്‍ക്കുമ്പോള്‍ എന്നും മനസ്സില്‍ വന്നിരുന്ന ചിഹ്നങ്ങളായിരുന്നുവല്ലോ കത്തിക്കരിഞ്ഞ ബോഗികളും ശൂലവും ഭ്രൂണവും.!
നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയോട് ആദ്യമായി സ്നേഹം തോന്നുന്നത് ഒരു ട്വിറ്റിൽ നിന്നും അദ്ദേഹം കേരളത്തിൽ നടത്തിയ ഒരു സന്ദർശനത്തിൽ നിന്നുമാണ്.മലയാളികളുടെ മനസ്സിലേറ്റ വലിയൊരു മുറിവായിരുന്നു പരവൂര്‍ വെടിക്കെട്ട് അപകടം.അന്ന് ഞാൻ മാലദ്വീപിൽ ആംഗലേയ അദ്ധ്യാപികയാണ്.സ്കൂളില്‍ ആദ്യത്തെ പീരിയഡ് കഴിഞ്ഞു ഇരിക്കുമ്പോള്‍ ആണ് ഞാന്‍ ഈ വാര്‍ത്ത അറിയുന്നത്.കുടുംബവേരുകള്‍ ചിറയിന്‍കീഴ് ഉള്ള ഞാന്‍ വല്ലാതെ നടുങ്ങി.കാരണം ശാര്‍ക്കര ഭരണിയും പുറ്റിങ്ങല്‍കമ്പവും ആറ്റുകാല്‍ പൊങ്കാലയും കൊല്ലത്തുകാരുടെയും തിരുവനന്തപുരത്തുകാരുടെയും രക്തത്തിലലിഞ്ഞ ഉത്സവങ്ങളാണ്.വര്‍ക്കലയിലും ആറ്റിങ്ങലിലും ചിറയിന്‍കീഴിലും ഉള്ള ബന്ധുക്കളെവിളിച്ചു അന്വേഷിച്ചപ്പോള്‍ അവര്‍ സുരക്ഷിതരാണെന്നുള്ള മറുപടിയില്‍ മനസ്സൊന്നു തണുക്കുമ്പോഴും ഉള്ളില്‍ വല്ലാത്തൊരു വിങ്ങല്‍.അപ്പോഴാണ് സംഘപരിവാറുകാരനായ സഹയദ്ധ്യാപകന്‍ അരവിന്ദ് പറയുന്നത് മോദിജി അടിയന്തിരമായി പരവൂരില്‍ വരുന്നുവെന്ന വിവരം.അതിനിടയില്‍ കണ്ടു മോദിജിയുടെ ട്വീറ്റ്..ആത്മാര്‍ത്ഥതയുടെയും കറകളഞ്ഞ ഉത്തരവാദിത്വത്തിന്റെയും കൈയൊപ്പ് ചാര്‍ത്തിയ ട്വീറ്റ്.
അദ്ദേഹത്തിന്റെ പതിവ് ട്വീറ്റുകളെ “വെറും തള്ളല്‍” എന്നു പറഞ്ഞിരുന്ന( ഇന്നും ഇടയ്ക്കൊക്കെ പറയാറുണ്ട്) എന്നിലെ വിമര്‍ശക ആദ്യമായി വായടച്ച സന്ദര്‍ഭമായിരുന്നുവത്.മുമ്പും മോദിജിയോടു ആരാധന തോന്നിയിരുന്ന സന്ദര്‍ഭങ്ങളില്‍ ഒക്കെയും വിമര്‍ശനത്തിന്റെ മുനയുമായി വന്നിരുന്ന എന്നിലെ ആ “മോഡിവിരുദ്ധ ഈഗോ” മഞ്ഞുപോലെ ഉരുകിയൊലിച്ച് പോയ ആദ്യ സംഭവമായിരുന്നുവത്.കാശ്മീരിലെ പ്രളയസമയത്തും ആന്ധ്രയിലെചുഴലിക്കെടുതിയിലും നേപ്പാള്‍ദുരന്തസമയത്തും ചെന്നൈ പ്രളയത്തും പലവട്ടം കണ്ടതും തിരിച്ചറിഞ്ഞതുമാണ് ആ സേവനമനോഭാവവും സന്നദ്ധതയും.എന്നിട്ടും കളിയാക്കിയതും വിമര്‍ശിച്ചതും എന്നിലെ ആ മോദിവിരുദ്ധ ഈഗോ മാത്രമായിരുന്നിരിക്കണം.
പരവൂരിൽ മോദിജി വന്നത് പ്രധാനമന്ത്രിയായിട്ടായിരുന്നില്ല. മറിച്ച് വെറും സാധാരണക്കാരനായ ഒരു ജനസേവകന്‍ ആയിട്ടായിരുന്നു.എല്ലാ പ്രോട്ടോക്കോളും മാറ്റിവച്ചുകൊണ്ട് ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്തുകൊണ്ട് ദുരന്തസ്ഥലത്ത് മെഡിക്കല്‍ ടീമുമായി പാഞ്ഞെത്തിയ അദ്ദേഹത്തിലെ മനുഷ്യനോട് അന്നേ തുടങ്ങിയിരുന്നു ബഹുമാനവും ആദരവും.
ദുരന്തസ്ഥലത്തു നിന്നും അദ്ദേഹം നേരെ പോയത് ആശുപത്രിയിലേക്കായിരുന്നു..ഓരോ കിടക്കയ്ക്കരികിലും പിതൃവാത്സല്യത്തോടെ പരിക്കേറ്റവരെയും കൂട്ടിരുപ്പുകാരെയും സമാശ്വസിപ്പിക്കുന്ന അദ്ദേഹത്തിന്റെ ആ ചിത്രം മാത്രം മതിയായിരുന്നു ഇന്നലെ വരെ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്ന ഞാനടക്കമുള്ള സാധാരണക്കാരെ മാറ്റിചിന്തിപ്പിക്കുവാന്‍.എന്നിട്ടും പലപ്പോഴും എന്നിലെ കോൺഗ്രസ്സുകാരി അനുഭാവിയെ മാറി ചിന്തിക്കുവാൻ പ്രേരിപ്പിച്ചില്ല.പിന്നെയും പലപ്പോഴും കണ്ടു മോദി മാജിക്.അപ്പോഴും കേരളത്തിലെ ശരാശരി കൊങ്ങിയെപ്പോലെ ഞാൻ നോട്ടു നിരോധനവും ജി.എസ്.ടിയും വോട്ടിംഗ് മെഷീനിലെ ക്രമക്കേടുകളും പതം നിരത്തി വിമർശിച്ചുക്കൊണ്ടേയിരുന്നു.രണ്ടാം സർജിക്കൽ സ്‌ട്രൈക്കിനു ശേഷം ബഹുമാനവും ആദരവും മാറി ആരാധനയായി.എന്നിരുന്നാലും നെഹ്റു കുടുംബത്തോടുള്ള ആരാധന തന്നെയായിരുന്നു എന്നും മുമ്പിൽ.
2019ലെ തെരഞ്ഞെടുപ്പുസമയത്ത് ഒരൊറ്റ കാര്യമേ മനസ്സിൽ തോന്നിയിരുന്നുള്ളൂ.ജനാധിപത്യമെന്നത് സത്യമാണെങ്കിൽ, ജനങ്ങളാണ് യഥാർത്ഥ വിധികർത്താക്കളെങ്കിൽ യഥാർത്ഥ ഭരണാധികാരികളെ അവർ തെരഞ്ഞെടുക്കും.ആ ബോധത്തിൽ ഉറച്ചു നിന്നുകൊണ്ട് രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനുമായി ഞാൻ പ്രാർത്ഥിച്ചു,എന്റേതായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു.2014ലെ വിധിയെഴുത്തിൽ ബിജെപിക്ക് ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാന്‍ നരേന്ദ്രമോദിയെന്ന പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്നാൽ 2019ലെ അങ്കത്തട്ടിലേറുമ്പോൾ വീരയോദ്ധാവിനൊപ്പം കാഴ്ചവെയ്ക്കാൻ അഞ്ച് വർഷത്തെ ജനക്ഷേമപ്രവർത്തനങ്ങളുമുണ്ടായിരുന്നു.ആ പ്രവർത്തനങ്ങൾക്ക് ജനം നല്കിയ സമ്മാനമായിരുന്നു രണ്ടാംവട്ട പ്രധാനമന്ത്രി പദം.ആ ജനക്ഷേമപ്രവർത്തനങ്ങളുടെ പ്രയോജനം നേടിയ വെറും സാധാരണക്കാരിൽ അഞ്ച് കോടി പേർ 2014വരെ സ്വന്തമായി കിടപ്പാടമില്ലാതിരുന്നവരായിരുന്നു.സ്വാതന്ത്ര്യം നേടി 60 വർഷം കഴിഞ്ഞിട്ടും പാർപ്പിടമെന്നത് കാണാക്കിനാവായിരുന്ന അഞ്ചുകോടി പേർക്ക് സ്വന്തമായി വീട് ലഭിച്ചപ്പോൾ അവർ നരേന്ദ്രമോദിയിൽ കണ്ടത് ദൈവത്തെ തന്നെയാകണം. .വൈദ്യുതി അന്യമായിരുന്ന വസതികളില്‍ വൈദ്യുതി എത്തിച്ചപ്പോൾ, ചാണക വറളിയും ഉണക്കചുള്ളികളും ഊതിയൂതി വശംകെട്ട കുടുംബിനികളുള്ള ഏഴ് കോടി വീടുകളില്‍ എല്‍പിജി കണക്ഷനുകളെത്തിയപ്പോൾ,ഒന്‍പത് കോടി വീടുകള്‍ക്ക് ടോയ്‌ലെറ്റുകള്‍ നല്‍കിയപ്പോൾ ,പത്ത് കോടി കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടിയപ്പോൾ14 കോടി കര്‍ഷകര്‍ക്ക് കാര്‍ഷിക ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയപ്പോൾ,വിമുക്തഭടന്മാര്‍ക്ക് ഓആര്‍ഒപി അനുവദിച്ചപ്പോൾ കടുംകട്ടി പദങ്ങളായ ജി.എസ്.ടിയും റാഫേലുമൊക്കെ അവരങ്ങ് നൈസായിട്ട് ഒഴിവാക്കി.എന്നിട്ട് ചുണ്ടുവിരൽ കൊണ്ട് തങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചയാൾക്ക് നന്ദി പറഞ്ഞു.
ദാരിദ്ര്യത്തിനെതിരായ സർജിക്കൽ സ്ട്രൈക്കെന്ന വിശേഷണത്തോടെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ‘ന്യായ്’ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ 20 ശതമാനം ദരിദ്ര കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ അല്ലെങ്കിൽ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യൂനതം ആയോജ് യോജന (ന്യായ്) പദ്ധതിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പലവട്ടം കോൺഗ്രസ് ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.
ന്യായ് പദ്ധതി രാഹുൽ പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിഎം കിസാൻ സ്കീം നടപ്പിൽ വരികയും ആദ്യ ഗഡുവായ 2000 രൂപ കർഷകരുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തിരുന്നു. കൈയ്യിലെത്തിയ പദ്ധതിയെ വിശ്വസിക്കണോ അതോ വരാൻ പോകുന്ന പദ്ധതിയെ വിശ്വസിക്കണോ എന്ന ചോദ്യം കർഷകരുടെ മനസിലുയർന്നിട്ടുണ്ടാകുക സ്വാഭാവികം.1971-ൽ ഇന്ദിരാ ഗാന്ധി ദാരിദ്രം തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു…ഇപ്പോൾ വീണ്ടും അവരുടെ കൊച്ചുമകൻ അതേ കാര്യം ആവർത്തിച്ചു വോട്ടു തേടുമ്പോൾ തെറ്റ് പറ്റിയതാർക്കായിരിക്കും?
മോദിജി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടി എന്തുമാകട്ടെ..അതിന്റെ ശരികളും തെറ്റുകളും എന്തുമാകട്ടെ,പക്ഷെ പ്രബുദ്ധരായ നമ്മള്‍ മലയാളികള്‍ നല്ലതിനെ നല്ലതായി കാണുക തന്നെ വേണം.നല്ലത് അതാര് ചെയ്താലും അതിനെ നല്ലതെന്ന് അംഗീകരിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍ .മോദിജിയെയും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെയും ഞാനടങ്ങുന്ന മലയാളിസമൂഹം നെഞ്ചോടു ചേര്‍ക്കാന്‍ മടിച്ചിരുന്നതിന്റെ പ്രധാനകാര്യം മലയാളം മാധ്യമങ്ങള്‍ തന്നെയാണ്..അവ ഒരിക്കലും നിഷ്പക്ഷമായിരുന്നില്ല..അത് പോലെ തന്നെ ഇത്രയും നല്ലൊരു ഭരണാധികാരി നേരിടുന്ന മറ്റൊരു വെല്ലുവിളിയും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്..അത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ ചിലരുടെ അപക്വമായ പ്രസ്താവനകളാണ്.പലപ്പോഴും വര്‍ഗ്ഗീയതയുടെ വിഷം ചീറ്റുന്ന പ്രസ്താവനകളും പ്രസംഗങ്ങളും മങ്ങലേല്‍പ്പിക്കുന്നത് മോദിയെന്ന ജനസേവകന്റെ പ്രതിച്ഛായ കൂടിയാണ്.അതുപോലെ തന്നെയാണ് മോദിഭക്തരുടെ ഫോട്ടോഷോപ്പ്,നുണപ്രചരണങ്ങളും..അമിതമായ രാഷ്ട്രീയചായ്വ് അഥവാ മതബോധം പലപ്പോഴും വിനയാണ് വരുത്തുക..അമിതമായ മോദിഭക്തി കാരണം പലപ്പോഴും വസ്തുതകളെ വളച്ചൊടിച്ചു ഫോട്ടോഷോപ്പിലൂടെ നിങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ അതിന്റെ മാനക്കേട് യഥാര്‍ഥത്തില്‍ നിങ്ങള്‍ സ്നേഹിക്കുന്ന നിങ്ങളുടെ നേതാവിന് തന്നെയല്ലേയെന്നു അണികള്‍ ചിന്തിക്കാന്‍ തയ്യാറാവണം.
നട്ടെലുള്ള,നീതിബോധമുള്ള,ഭരണസാരഥ്യമുള്ള ജനനായകനെ എന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു,സ്നേഹിച്ചിരുന്നു.കാലത്തിനു തെളിയിക്കാന്‍ കഴിയാത്ത സത്യങ്ങളും നന്മകളും ഈ പ്രപഞ്ചത്തില്‍ ഇല്ല തന്നെ.മോദിജിയെന്ന ഈ ജനസേവകന്റെ പാത സത്യത്തിന്റെയും ധര്‍മ്മത്തിന്റെയുമാണെങ്കില്‍ ഇനിയുള്ള ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെടും ആ നാമം.തീർച്ച!ബിസിനസില്‍ ‘ഡിസ്‌റപ്ഷന്‍’ എന്ന പദത്തിന് വലിയ പ്രാധാന്യമുണ്ട്. അതുവരെ നിലനിന്നിരുന്ന രീതികളെ മുഴുവന്‍ ഉടച്ചുവാര്‍ക്കുന്ന സംരംഭങ്ങളാണ് ‘ഡിസ്‌റപ്റ്റീവ്’ ആയി മാറുന്നത്. വിപണിക്കും മറ്റ് സംരംഭങ്ങള്‍ക്കും സഞ്ചരിക്കാനുള്ള പുതിയ ദിശ നല്‍കുമത്. ഇതുപോലെ രാഷ്ട്രീയത്തിലും ഡിസ്‌റപ്ഷന്‍ സംഭവിക്കാം. ബിജെപിയെ സംബന്ധിച്ചിടത്തോളം അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. 2014 മേയ് മാസത്തില്‍ അത്തരമൊരു ഡിസ്‌റപ്ഷനായിരുന്നു സംഭവിച്ചത്.അതിന്റെ തുടർച്ചയാണ് 2019ൽ കണ്ടത്.അങ്ങനെ തള്ളൽവാദിയെന്നും വർഗ്ഗീയവാദിയെന്നും ചാപ്പകുത്തപ്പെട്ടിരുന്ന ഒരു വ്യക്തി ഡിസ്‌റപ്റ്റീവിസ്റ്റായി ചരിത്രത്തിൽ ഇടം നേടുന്നു !
Post Your Comments