ലക്‌നൗ: സിതാപൂര്‍ ജില്ലയിലെ മെഹമൂദാബാദില്‍ വ്യാജമദ്യം കഴിച്ച മൂന്ന് പേര്‍ മരിച്ചു. ഗുരുതരാവസ്ഥയിലായ അഞ്ചുപേര്‍ സിതാപൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
മെഹമൂദാബാദിലെ സജയര ഗ്രാമത്തിലെ സുമൈരി ലാല്‍ (40), സെയ്ദാന്‍പൂര്‍ ഗ്രാമത്തിലെ വിജയ് (30), വിനോദ് (30) എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നുപേരും അനധികൃതമായി മദ്യവില്‍പ്പന നടത്തിയിരുന്ന കനയ്യ കുമാറില്‍ നിന്നാണ് മദ്യം വാങ്ങിയതെന്ന് പോലീസ് സൂപ്രണ്ട് എല്‍.ആര്‍. കുമാര്‍ പറഞ്ഞു. കനയ്യ കുമാര്‍ അടുത്ത ജില്ലയായ ബരാബാങ്കിയിലാണ് താമസിക്കുന്നതെങ്കിലും മെഹമൂദാബാദിലെത്തി വ്യാജമദ്യം വില്‍പ്പന നടത്തിയതിനു ശേഷം തന്റെ നാട്ടിലേക്ക് മടങ്ങാറാണ് പതിവെന്ന് പോലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് വിജയ് മരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരം അറിയിച്ചില്ല. സമാനരീതിയില്‍ തന്നെയായിരുന്നു സുമൈരി ലാലും മരിക്കുന്നത്. ബുധനാഴ്ച രാവിലെ ചികിത്സയ്ക്കായി ലക്‌നൗവിലേക്ക് പോകുന്നതിനിടെയാണ് ഇയാല്‍ മരണപ്പെട്ടുന്നത്. എന്നാല്‍ സംഭവം ഇയാളുടെ ബന്ധുക്കളും പോലീസില്‍ അറിയിച്ചിരുന്നില്ല. ബുധനാഴ്ച വൈകീട്ട് ജില്ലാ ആശുപത്രിയില്‍ വെച്ച് വിനോദ് മരിച്ചതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് വ്യാജമദ്യം കഴിച്ച് അവശനിലയിലായ അഞ്ചുപേരെ കൂടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments