Latest NewsKerala

ഭീകരര്‍ക്ക് സഹായവുമായി മെസേജിങ് ആപ് ; കമ്പനിക്ക് നിസ്സഹകരണ മനോഭാവമെന്ന് അന്വേഷണ സംഘം

കൊച്ചി : ഭീകരസംഘടനകളും ക്രിമിനല്‍ സംഘങ്ങളും രഹസ്യവിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ‘ടെലഗ്രാം ആപ്’ കമ്പനി അധികാരികളുടെ നിസ്സഹകരണം ഐഎസ് കേസ് അന്വേഷണത്തെ അടക്കം പ്രതികൂലമായി ബാധിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ പ്രത്യേക കോടതിയെ ബോധിപ്പിച്ചു.

കണ്ണൂര്‍ കനകമല ഐഎസ് രഹസ്യയോഗക്കേസിന്റെ വിചാരണയ്ക്കിടയിലാണു പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം ആപ് കമ്പനിയുടെ നിസ്സഹകരണം കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന വിവരം കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്.കേസിലെ പ്രതികള്‍ അവരുടെ ആക്രമണ പദ്ധതികള്‍ പരസ്പരം ചര്‍ച്ച ചെയ്തതു വാട്‌സാപ്പിനു സമാനമായ ടെലഗ്രാം ആപ് വഴിയാണ്.

രണ്ട് റഷ്യന്‍ വംശജരാണു ജര്‍മനിയിലെ ബര്‍ലിന്‍ ആസ്ഥാനമാക്കി 2013ല്‍ ടെലിഗ്രാം ആപ്പ് സ്ഥാപിച്ചത്. 2018 ല്‍ റഷ്യയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസു (എഫ്എസ്ബി)മായി അന്വേഷണത്തില്‍ സഹകരിക്കാത്തതിനാല്‍ ടെലഗ്രാം ആപ് റഷ്യ നിരോധിച്ചിരുന്നു. സമാനമായ നിരോധനം ഇറാനും ഏര്‍പ്പെടുത്തി.

ഇക്കാര്യത്തില്‍ ടെലഗ്രാം ആപ്പ് കമ്പനി സഹകരിക്കുന്നില്ലെന്ന വിവരം കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എന്‍ഐഎ അന്വേഷിക്കുന്ന കനകമല ഭീകരാക്രമണ രഹസ്യ യോഗക്കേസിനു പുറമേയുള്ള കേസുകളിലും ഇവരുടെ പ്രതികൂല നിലപാടു പ്രോസിക്യൂഷന്‍ നടപടികളെ ബാധിക്കും.

പ്രതികളുടെ ഫോണുകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ അയച്ച ഔദ്യോഗിക കത്തുകള്‍ക്കൊന്നും ടെലഗ്രാം ആപ് കമ്പനി ഇതുവരെ മറുപടി നല്‍കിയില്ല. ഇവര്‍ക്ക് ഇന്ത്യയില്‍ ഓഫിസില്ലാത്തതും തെളിവു ശേഖരിക്കാന്‍ തടസ്സമാകുന്നു.

ദക്ഷിണേന്ത്യയില്‍ അക്രമങ്ങള്‍ ആസൂത്രണം ചെയ്ത അന്‍സാര്‍ ഉള്‍ ഖിലാഫ കേരള ഘടകത്തിന്റെ ടെലഗ്രാം ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറിയാണ് എന്‍ഐഎ വിവരങ്ങള്‍ ചോര്‍ത്തിയത്. 2016 മുതല്‍ ഇവര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണെങ്കിലും ഇരട്ടപ്പേരുകളില്‍ ഇതില്‍ അംഗത്വമെടുത്തവരുടെ വിശദവിവരങ്ങള്‍ കമ്പനിയുടെ സഹകരണത്തോടെ മാത്രമേ അന്വേഷണ സംഘത്തിനു കണ്ടെത്താന്‍ കഴിയൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button