ന്യൂഡല്‍ഹി: വിദേശയാത്രയുടെ അനുമതിക്കായി കോടതിയില്‍ കെട്ടിവച്ച 10 കോടി രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. തത്കാലം യാത്ര പോകാതെ സ്വന്തം മണ്ഡലമായ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കോടതി കാര്‍ത്തിയോട് നിര്‍ദ്ദേശിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാര്‍ത്തി ഈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചിരുന്നു. ഈ വര്‍ഷം ആദ്യമാണ് വിദേശയാത്രയ്ക്ക് അനുമതി തേടി കാര്‍ത്തി 10 കോടി രൂപ കെട്ടിവച്ചത്. തുടര്‍ന്ന് വിദേശത്ത് പോകാന്‍ അനുമതി ലഭിച്ചിരുന്നു.
ടെന്നീസ് അസോസിയേഷന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ വീണ്ടും അമേരിക്കയ്ക്ക് പോകാന്‍ അനുമതി തേടി ഈ മാസം ആദ്യം കാര്‍ത്തി വീണ്ടും കോടതിയെ സമീപിച്ചു.എന്നാല്‍ ആദ്യതുകയ്ക്ക് പുറമെ പത്ത് കോടി കൂടി കെട്ടി വയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് ആദ്യം കെട്ടിവച്ച തുക തിരികെ ലഭിക്കണമെന്ന ആവശ്യവുമായി കാര്‍ത്തി കോടതിയെ സമീപിച്ചത്.കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് കാര്‍ത്തി ചിദംബരം.
കേസുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന്റേയും സിബിഐയുടേയും അന്വേഷണം കാര്‍ത്തിയും പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരവും നേരിടുന്നുണ്ട്. ആദ്യം കെട്ടിവച്ച തുക വായ്പയെടുത്തതാണെന്നും തിരിച്ചടക്കാന്‍ മാര്‍ഗമില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തുക തിരികെ നല്‍കാമെന്നും പകരം കെട്ടിവയ്‌ക്കേണ്ട തുക 20 കോടിയായി ഉയര്‍ത്തുമെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല തത്കാലം സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നതാണ് നല്ലെതെന്നും കോടതി വ്യക്തമാക്കി.
കാര്‍ത്തിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കുന്നതിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ എതിര്‍ത്തിരുന്നു. അന്വേഷണവുമായി കാര്‍ത്തി സഹകരിക്കുന്നില്ലെന്നും, കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം കാര്‍ത്തി 51 ദിവസം വിദേശത്തായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. അതെ സമയം രണ്ടാം മോഡി ഗവണ്മെന്റ് അധികാരത്തിലേറുന്നതോടെ കള്ളപ്പണ, അഴിമതി കേസുകളിൽ ഉടൻ തീർപ്പുണ്ടാവുമെന്നാണ് സൂചന.
Post Your Comments